കോതമംഗലം : സംസ്ഥാന സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും ജാഗ്രതാ നിർദ്ദേശങ്ങൾ ജനങ്ങൾ ജീവിതത്തിലും പ്രാവർത്തികമാക്കുവാൻ തുടങ്ങിയതോടുകൂടി ആൾക്കൂട്ടങ്ങൾ പതിവായിരുന്ന നാട്ടിപുറങ്ങളിലെ കവലകളിലും ടൗണുകളിലും തിരക്കൊഴിഞ്ഞു. ഗ്രാമപ്രദേശങ്ങളിൽ നിന്നും ആളുകളില്ലാത്തതിനാൽ ബസുകൾ മിക്കതും കാലിയായിട്ടാണ് ഓടുന്നത്. കോതമംഗലം മുനിസിപ്പൽ ബസ് സ്റ്റാൻഡിലും യാത്രക്കാരുടെ വലിയ തോതിലുള്ള കുറവാണ് അനുഭവപ്പെട്ടത്. തന്മൂലം പല ബസുകളും നഷ്ടത്തിലാണ് ഇന്നലെ സർവീസ് അവസാനിപ്പിച്ചത്. നിലവിൽ കോതമംഗലം മേഖലയിൽ ആർക്കും വൈറസ് ബാധ ഉണ്ടായിട്ടില്ല. മുൻകരുതൽ വേണമെന്ന് നിർദേശം മാത്രമാണുള്ളത്. കോതമംഗലം മേഖലയിൽ ഈ ആഴ്ചകളിലും അടുത്ത് ആഴ്ചകളിലും നടക്കേണ്ട പല ചടങ്ങുകളും മാറ്റിവച്ചിട്ടുണ്ട്. കല്ല്യാണങ്ങളും ഗൃഹപ്രവേശനങ്ങളും അടക്കമുള്ളവ ലളിതമായ ചടങ്ങുകളിലാണ് നടക്കുന്നത്. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലും തിരക്കൊഴിഞ്ഞ അവസ്ഥയിലായിരുന്നു.