കോതമംഗലം : കോതമംഗലം നഗരം ഇന്നുവരെ കാണാത്ത രീതിയിൽ സംഘര്‍ഷാവസ്ഥ ഉണ്ടായതിനെതുടർന്ന് കോതമംഗലം പള്ളിയില്‍ നിന്നും ഓര്‍ത്തഡോക്‌സ് വിഭാഗം പിന്മാറി. കോടതി വിധി നടപ്പാക്കാന്‍ നിയമപാലകർ ശ്രമിക്കുന്നില്ലെന്ന് തോമസ് പോൾ റമ്പാൻ പറഞ്ഞു. പള്ളിയിൽ പ്രവേശിക്കുവാനുള്ള സംരക്ഷണം നല്‍കാനും പോലീസ് തയ്യാറാവുന്നില്ല. തല്‍ക്കാലത്തേക്ക് പിരിഞ്ഞുപോകുകയാണെന്ന് അദ്ദേഹം പറഞ്ഞു. സംഘര്‍ഷമുണ്ടാക്കാന്‍ താല്‍പ്പര്യമില്ലാത്തതിനാലാണ് പിരിഞ്ഞുപോകുന്നത്. സാഹചര്യം കോടതിയെ അറിയിക്കും. ഹൈക്കോടതിയെയോ മൂവാറ്റുപുഴ മുന്‍സിഫ് കോടതിയെയോ സമീപിക്കുമെന്നും ഓര്‍ത്തഡോക്‌സ് വിഭാഗം പ്രതികരിച്ചു.
ഇന്ന് രാവിലെ പത്ത് മണിയോട് കൂടിയാണ് തോമസ് പോൾ റമ്പാൻ കാൽനടയായി പള്ളിയിലേക്ക് എത്തിയത്. മൂന്ന് ഓർത്തഡോക്സ് മെത്രാപ്പോലീത്തമാരും അമ്പതോളം സഭാഅംഗങ്ങളും റമ്പാനെ അനുഗമിച്ചു. എന്നാൽ പള്ളിമുറ്റത്തേക്ക് പ്രവേശിക്കാൻ അനുവധിക്കാതെ പ്രതിരോധം തീർത്ത് യാക്കോബായ വിശ്വാസികൾ തടയുകയായിരുന്നു. പള്ളിക്ക് നാല് ഗേറ്റുകൾ ഉണ്ട്. ഏതു ഗേറ്റിലൂടെയാണ് തോമസ് പോൾ റമ്പാൻ പള്ളിയിലേക്ക് കടക്കുകയെന്നത് കണക്ക് കൂട്ടി പ്രതിരോധിക്കാൻ യാക്കോബായ സഭ വിശ്വാസികൾ തയാറായി നാല് ഭാഗത്തും തമ്പടിക്കുകയായിരുന്നു. നാല് മണിക്കൂർ കഴിഞ്ഞിട്ടും പള്ളിയിൽ പ്രവേശിക്കാൻ കഴിയാതെ വന്നതോടെ തൽക്കാലത്തേക്ക് പിന്മാറുന്നതായി റമ്പാൻ മാധ്യമങ്ങളോട് പറഞ്ഞു.
ഓർത്തഡോക്സ് പക്ഷം പള്ളിയിൽ പ്രവേശിക്കാൻ എത്തിയതിനെ തുടർന്ന് വ്യാപാരികൾ കോതമംഗലത്ത് കടകൾ അടച്ച് പ്രതിഷേധിച്ചു. സ്വകാര്യ ബസുകൾ സർവീസ് നിർത്തിവെച്ചും , പ്രകടനം നടത്തിയും ചെറിയപള്ളിയുടെ വിശ്വാസത്തോട് കോതമംഗലം ഒരുമനസ്സോടെ പിന്തുണ നൽകുകയായിരുന്നു. നീണ്ട മണിക്കൂറുകൾ കാത്തിരുന്നിട്ടും വിധി നടപ്പിലാക്കി തരുവാൻ നിയമപാലകർ തയ്യാറാകാത്തതും , ഞങ്ങളുടെ സുരക്ഷയെ കരുതിയും , ഇനിയൊരു സംഘർഷം ഉണ്ടാകാതിരിക്കുവാനും വേണ്ടിയാണ് ഇപ്പോൾ പിന്തിരിയുന്നതെന്ന് റമ്പാൻ വെളിപ്പെടുത്തി. നിയമവിദഗ്ധരുമായി ആലോചിച്ചു തുടർ നടപടികൾ കൈക്കൊള്ളുമെന്ന് തോമസ് പോൾ റമ്പാൻ പറഞ്ഞു.
You must be logged in to post a comment Login