കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ പ്രീ പ്രൈമറി സ്കൂളുകൾ ഹൈടെക് ആക്കുമെന്ന് ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു. മണ്ഡലത്തിലെ 33 ഗവൺമെൻ്റ് പ്രീ പ്രൈമറി സ്കൂളുകളും,26 എയ്ഡഡ് പ്രീ പ്രൈമറി സ്കൂളുകളുമടക്കം 59 പ്രീ സ്കൂളുകളാണ് ഹൈടെക് ആക്കുന്നത്. ലാപ്ടോപ്,പ്രൊജക്ടർ,മൗണ്ടിങ്ങ് കിറ്റ്,സ്പീക്കർ അടക്കമുള്ള ഐ സി റ്റി ഉപകരണങ്ങളാണ് പ്രീ സ്കൂളുകളിൽ മൾട്ടി മീഡിയ ലാബ് ഒരുക്കുന്നതിനു വേണ്ടി ലഭ്യമാക്കുന്നത്. എംഎൽഎ ആസ്തി – വികസന ഫണ്ടിൽ നിന്നും തുക അനുവദിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.ഇതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു.
മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന കൈറ്റ് പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ മുഴുവൻ സർക്കാർ/എയ്ഡഡ് സ്കൂളുകളിലും ലാപ്ടോപ്,പ്രൊജക്ടർ,വൈറ്റ് ബോർഡ്, സ്പീക്കർ,പ്രിൻ്റർ വിത്ത് സ്കാനർ അടക്കുള്ള ഐ സി റ്റി ഉപകരണങ്ങൾ നേരത്തെ ലഭ്യമാക്കിയിരുന്നു. പ്രീ സ്കൂൾ കൂടി സ്മാർട്ട് ആകുന്നതോട് കൂടി സമ്പൂർണ്ണ ഐ റ്റി സ്മാർട്ട് സ്കൂൾ മണ്ഡലമായി കോതമംഗലം മാറുമെന്നും എംഎൽഎ പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം സ്കൂളുകളിൽ ക്ലാസ്സുകൾ ആരംഭിക്കുന്ന മുറയ്ക്ക് പ്രീ സ്കൂളുകളിൽ മൾട്ടി മീഡിയ ലാബ് ഒരുക്കുമെന്നും എംഎൽഎ അറിയിച്ചു.