കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ അംഗീകൃതവും അല്ലാത്തതുമായ അഗതി – അനാഥ മന്ദിരങ്ങൾ,വൃദ്ധസദനങ്ങൾ,കോൺവെൻ്റുകൾ,ക്ഷേമ സ്ഥാപനങ്ങൾ, ആശ്രമങ്ങൾ,മാനസികാരോഗ്യ കേന്ദ്രങ്ങൾ തുടങ്ങിയവയിലെ അന്തേവാസികൾക്ക് പലവ്യഞ്ജന കിറ്റുകൾ വിതരണം ചെയ്യുമെന്ന് ആൻ്റണി ജോൺ എം എൽ എ അറിയിച്ചു. കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ സർക്കാർ ഇത്തരം സ്ഥാപനങ്ങളിലെ അന്തേവാസികൾക്ക് 4 പേർക്ക് 1 കിറ്റ് എന്ന രീതിയിൽ മുൻപ് വിതരണം ചെയ്ത മാതൃകയിൽ തന്നെ റേഷൻ കടകൾ വഴിയാണ് പലവ്യഞ്ജന കിറ്റ് വിതരണം ചെയ്യുന്നത്. തുടർച്ചയായി 4 മാസം കിറ്റുകൾ വിതരണം ചെയ്യും.
2500 ഓളം കിറ്റുകളാണ് മണ്ഡലത്തിൽ വിതരണം ചെയ്യുന്നത്. പതിനായിരത്തോളം പേർക്ക് പദ്ധതിയുടെ പ്രയോജനം ലഭ്യമാകുമെന്നും, ഇതിനാവശ്യമായ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുമാണ് വകയിരുത്തിയിട്ടുള്ളതെന്നും എം എൽ എ പറഞ്ഞു.