കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ വ്യവസായ വകുപ്പു വഴി പുതുതായി 1000 ത്തോളം സംരഭങ്ങൾ വരുന്നതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.വ്യവസായ മേഖലയിൽ വൻ മുന്നേറ്റം ലക്ഷ്യമിട്ടാണ് പുതിയ സംരഭങ്ങൾ ആരംഭിക്കുന്നത്. മണ്ഡലത്തിലെ ഒൻപത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലായി 2022 – 23 സാമ്പത്തിക വർഷത്തിൽ വ്യവസായ വകുപ്പിന്റെ നേതൃത്വത്തിലാണ് പുതിയ സംരഭങ്ങൾ ആരംഭിക്കുന്നത്. ഒരു വർഷം ഒരു ലക്ഷം സംരഭങ്ങൾ എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് മണ്ഡലത്തിൽ പുതിയ വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നത്.ഇതിന്റെ ഭാഗമായി മണ്ഡലത്തിലെ 8 പഞ്ചായത്തിലും മുൻസിപ്പാലിറ്റിയിലുമായി ജനറൽ ഒറിയന്റേഷൻ പ്രോഗ്രാമുകൾ സംഘടിപ്പിച്ചു.
മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി 141 സ്ഥാപനങ്ങൾക്ക് ഉദ്യം രജിസ്ട്രേഷൻ ലഭ്യമാക്കിയിട്ടുണ്ട്.സംരഭം ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള ലോൺ സബ്സിഡി മേളകൾ 5 പഞ്ചായത്തുകളിൽ പൂർത്തീകരിക്കുകയും,ശേഷിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിൽ ആഗസ്റ്റ് 15 ന് അകം പൂർത്തീകരിക്കുവാനുള്ള നടപടികൾ പുരോഗമിക്കുന്നു.മലയോര മേഖലയോട് ചേർന്ന് കിടക്കുന്ന കിഴക്കൻ മേഖലകളിൽ കൃഷിക്ക് പ്രാധാന്യമുള്ളതിനാൽ കാർഷിക ഉൽപനങ്ങളുടെ മൂല്യവർദ്ധിത ഉല്പന്നങ്ങൾ ഉണ്ടാക്കുന്ന യൂണിറ്റ് ഉൾപ്പെടെയുള്ള വ്യവസായ മേഖലകൾക്കും ഇവിടെ അനുയോജ്യമായ സാഹചര്യമാണുള്ളത്.പദ്ധതിക്കായി പഞ്ചായത്തുകളിൽ ഒന്നു വീതവും,നഗരസഭയിൽ രണ്ട് വീതവും വ്യവസായ പ്രതിനിധികളെ നിയോഗിച്ചിട്ടുണ്ട്.
നെല്ലിക്കുഴി പഞ്ചായത്തിലാണ് ഏറ്റവും അധികം വ്യവസായങ്ങൾ ആരംഭിക്കുവാൻ ലക്ഷ്യമിടുന്നത്.ഇവിടെ 186 സംരഭങ്ങളാണ് ആരംഭിക്കുന്നത്.കോതമംഗലം മുൻസിപ്പാലിറ്റിയിൽ – 175,കവളങ്ങാട് – 134,കുട്ടമ്പുഴ 110,വാരപ്പെട്ടി – 84,കോട്ടപ്പടി – 81,പിണ്ടിമന – 75,പല്ലാരിമംഗലം – 67,കീരംപാറ – 56 എന്നിങ്ങനെ ആയിരത്തോളം സംരഭങ്ങളാണ് മണ്ഡലത്തിൽ പുതുതായി ആരംഭിക്കുന്നതെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു.