കോതമംഗലം : മാലിപ്പാറ നിവാസികൾക്ക് എല്ലാം കൊണ്ടും കണ്ടക ശനിയാണ്. ദുരിതത്തിന് അറുതിയില്ലായെന്ന് വേണം പറയാൻ. മലയോര പാതയുടെ ഭാഗമായ ഈ റോഡ് ചേലാട് മുതൽ മാലിപ്പാറ വരെയുള്ള ഭാഗങ്ങളിൽ മിക്കയിടങ്ങളിലും പൊട്ടി പൊളിഞ്ഞു തകർന്ന് കിടക്കുകയാണ്. പ്രധാനമായും മാലിപ്പാറ സൊസൈറ്റിപടിക്ക് സമീപം. ചെളി കുഴിയിൽ വീഴാതെ ഇരുചക്ര വാഹനമോടിക്കണമെങ്കിൽ വല്ല ബൈക്ക് അഭ്യാസക്കാരൻ ആയിരിക്കണം. കുടി വെള്ള പൈപ്പ് പൊട്ടലും, റോഡിലെ ചെളികുഴിയും, ബി എസ് എൻ എൽ നെറ്റ് വർക്ക്‌ന് റേഞ്ച് ഇല്ലായിമയും എല്ലാമായി ആകെ “എടങ്ങേറിൽ” ആയിരിക്കുകയാണ് ഇവർ.
ഇതിന് പുറമെ ഈ പൊട്ടിപൊളിഞ്ഞ റോഡിലൂടെയുള്ള ടിപ്പർ, ടോറസ് തുടങ്ങിയ ഭാരവാഹനങ്ങളുടെ മത്‌സര ഓട്ടവും. എല്ലാം കൂടെ ജഗപൊഗ. ഇതിലൂടെ സഞ്ചരിക്കുന്നതുവഴി നടുവിന്റെ നെട്ടും ബോൾട്ടും ഇളകിയ അവസ്ഥയാണെന്ന് നാട്ടുകാരനായ പൗലോസ്‌കുട്ടി ചേട്ടൻ.ആയുർവേദ കുഴമ്പിട്ട് പിടിച്ചു ചെറു ചൂട് വെള്ളത്തിൽ കുളിക്കുമ്പോൾ ആണ് ചെറു ആശ്വാസം. എത്രെയും വേഗം ഈ തകർന്ന് തരിപ്പണമായ റോഡ് സഞ്ചാര യോഗ്യമാക്കണം എന്നാണ് ഇവരുടെ ആവശ്യം.