കോതമംഗലം : സമ്മിശ്ര ജൈവ കർഷകനായ പോലീസ് ഉദ്യോഗസ്ഥൻ്റെ തേനീച്ച കൃഷിയുടെ വിളവെടുപ്പ് കോതമംഗലത്ത് നടന്നു.
പല്ലാരിമംഗലം പഞ്ചായത്തിലെ മടിയൂർ കളപ്പുരയിൽ മുഹമ്മദിൻ്റെ തേനീച്ച കൃഷിയുടെ വിളവെടുപ്പാണ് നടന്നത്.
ജൈവ നെൽകൃഷിയിലും മത്സ്യകൃഷിയിലും തേനീച്ചകൃഷിയിലും സജീവമായ മുഹമ്മദ് ഒഴിവു സമയങ്ങളിലാണ് കൃഷി പരിപാലനത്തിനിറങ്ങുന്നത്. കാർഷിക രംഗത്ത് ആധുനിക രീതികൾ ആവിഷ്ക്കരിച്ച് നടപ്പാക്കി വരുന്ന കർഷകനാണ് ഇദ്ദേഹം. കഴിഞ്ഞ 15 വർഷമായി കേരള പോലീസിൽ ജോലി ചെയ്യുന്ന മുഹമ്മദ് ജനിച്ചത് കർഷക കുടുബത്തിലാണ്.
പരമ്പരാഗത കാർഷിക കുടുബത്തിലെ അംഗമയ ഭാര്യ ആൻസിയും മക്കളും കൃഷിയിൽ സഹായത്തിനായുണ്ട്. തേനീച്ച കൃഷിയുടെ വിളവെടുപ്പുത്സവം പല്ലാരിമംഗലം കൃഷി ഓഫീസർ ഇ. എം. മനോജ് ഉത്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം അബൂബക്കർ മാങ്കുളം, ലെത്തീഫ് കുഞ്ചാട്ട്, യൂസഫ് പല്ലാരിമംഗലം തുടങ്ങിയവർ പങ്കെടുത്തു. കാലാവസ്ഥ അനുകൂലമാണെങ്കിൽ ഏറ്റവും ലാഭകരമായ കൃഷി തേനീച്ച കൃഷിയാണെന്ന് മുഹമ്മദ് പറഞ്ഞു.