കോതമംഗലം:സപ്തതി നിറവിൽ നിൽക്കുന്ന കോതമംഗലം മാർ അത്തനേഷ്യസ് കോളേജ്, പിന്നിട്ട 70 വർഷത്തെ നാഴികക്കല്ലുകൾ അനുസ്മരിപ്പിക്കുന്ന വിധത്തിൽ കോളേജിന്റെ സ്ഥാപക ദിനമായ ഇന്നലെ (ജൂലൈ 14) വിളംബര ജാഥ സംഘടിപ്പിച്ചുകൊണ്ട് ഒരു വർഷം നീളുന്ന ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. 70 വാഹനങ്ങളാണ് വിളംബര ജാഥയിൽ പങ്കെടുത്തത്. കോളേജിൻ്റെ കാവൽപിതാവായ പൗലോസ് മാർ അത്താനാസ്യോസിൻ്റെ (ആലുവയിലെ വലിയതിരുമേനി)അന്ത്യവിശ്രമസ്ഥലമായ ആലുവയിലെ തൃക്കുന്നത്ത് സെമിനാരിയിൽ നിന്ന് മാർ അത്തനേഷ്യസിൻ്റെ ഛായാചിത്രം വഹിച്ചുകൊണ്ട് രാവിലെ 11.00 മണിയോടെയാണ് വിളംബര ജാഥ ആരംഭിച്ചത്.
വിളംബര ജാഥ കോതമംഗലം മാർത്തോമ ചെറിയപ്പള്ളിയിലെത്തിയശേഷം യൽദോ മാർ ബസേലിയോസ് ബാവയുടെ കബറിടത്തിൻ്റെ ചിത്രം കൂടി വഹിച്ചുകൊണ്ടാണ് എം. എ കോളേജ് ക്യാംപസിൽ എത്തിച്ചേർന്നത്. മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷൻ ചെയർമാൻ ഡോ. മാത്യൂസ് മാർ അപ്രേം മെത്രാപ്പോലിത്ത ആലുവ തൃക്കുന്നത്തു സെമിനാരിയിലും, ഏലിയാസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത കോതമംഗലം ചെറിയപള്ളിയിലും പ്രാർത്ഥനകൾക്ക് കാർമ്മികത്വം വഹിച്ചു. അധ്യാപകരും, അനധ്യാപകരും, വിദ്യാർത്ഥികളും അടങ്ങുന്ന വൻ ജനാവലിയാണ് ക്യാംപസിൽ ജാഥയെ വരവേറ്റത്. എം. എ. കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ്, കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, മാർ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് പ്രിൻസിപ്പൽ ഡോ. ബോസ് മാത്യു ജോസ്, മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷൻ എക്സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങൾ, ഗവേണിംഗ് ബോർഡ് അംഗങ്ങൾ, മുൻ പ്രിൻസിപ്പൽമാർ , ഷേയർ ഹോൾഡേഴ്സ് എന്നിവർ പങ്കെടുത്തു.
മാർ അത്തനേഷ്യസ് ഓട്ടോണമസ് കോളേജിന്റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി, കോളേജ് ക്യാംപസിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് കോളേജ് അസ്സോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ് പറഞ്ഞു. 1955 ൽ പരിമിതമായ ഭൗതിക സൗകര്യങ്ങളോടെ തുടങ്ങിയ മാർ അത്തനേഷ്യസ് കോളേജിൻ്റെ ഇന്നത്തെ നേട്ടങ്ങൾക്കു പിന്നിൽ പ്രവർത്തിച്ച സ്ഥാപക സാരഥികളോടും നാളിതുവരെ പിന്തുണച്ച എല്ലാവരോടും നന്ദി പറഞ്ഞ അദ്ദേഹം,മാർ അത്തനേഷ്യസ് യൂണിവേഴ്സിറ്റി എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ ഏവരുടെയും സഹകരണവും അഭ്യർത്ഥിച്ചു.
ചിത്രം : കോതമംഗലം എം. എ. കോളേജിന്റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി ആലുവ തൃക്കുന്നത്ത് സെമിനാരിയിൽ നിന്ന് പുറപ്പെട്ട വിളംബര ജാഥ എം. എ. കോളേജ് ചാപ്പലിൽ എത്തിചേർന്നപ്പോൾ
