കോതമംഗലം:കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ യിൽ ഒച്ച് ശല്യം മൂലം ജനജീവിതം ദുസ്സഹമാകുന്നു. വടാട്ടുപാറ യിൽ പലവൻപടിയിലെ ജനവാസമേഖലയിലാണ് കൃഷിയും ജനജീവിതവും തകർക്കുന്ന വില്ലനായി ഒച്ച് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കൃഷിയിടങ്ങളും പരിസരവും മറികടന്ന് ഇപ്പോൾ വീടുകളിലെ അടുക്കളകളിലും ഒച്ചിൻ്റെ ശല്യം അതിരൂക്ഷമായി
മാറിയിരിക്കുകയാണ്. വന്യമൃഗങ്ങളുടെ ശല്യം കൊണ്ട് പൊറുതിമുട്ടിയ വടാട്ടുപാറയിലെ പലവൻ പടിയിലെ ജനങ്ങൾക്ക് ഒച്ചിൻ്റെ വരവോടെ ഭക്ഷണം കഴിക്കാൻ പോലുമാകാത്ത സ്ഥിതിയിലാണെന്ന് പ്രദേശവാസികൾ പറയുന്നു.
ചേന, ചേമ്പ്, കപ്പ്, കാപ്പി, തുടങ്ങിയ കൃഷിയിടങ്ങളിൽ ഒച്ചുകൾ കൂട്ടത്തോടെ എത്തി കൃഷി നശിപ്പിക്കുന്നത് പതിവാണ് . ഉപ്പു വിതറി ഒച്ചിനെ നശിപ്പിക്കുവാനുള്ള ശ്രമവും ഫലപ്രദമാകുന്നില്ല. സർക്കാർ മുൻകൈയെടുത്ത് ഒച്ചുകളെ തുരത്താനുള്ള സംവിധാനങ്ങൾ ഒരുക്കണമെന്ന് കോതമംഗലംബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെയിംസ് കൊറമ്പേൽ ആവശ്യപ്പെട്ടു.