കുട്ടമ്പുഴ: നെറ്റ് വർക്ക് സൗകര്യമില്ലാത്തതിനാൽ നിരവധി വിദ്യാർഥികളുടെ പഠനം പാറപ്പുറത്തും, വനാതിർത്തികളിലും. കുട്ടമ്പുഴ സത്രപ്പടി മക്കപ്പുഴ നാലു സെന്റ് കോളനിയിലെ വിദ്യാർഥികൾക്ക് ഓണലൈൻ പഠനം സാധ്യമാകണമെങ്കിൽ കാട്ടിലും, പാറപ്പുറത്തും കയറണം. അടിസ്ഥാന സൗകര്യവികസനമില്ലായ്മയിൽ നട്ടം തിരിയുന്ന നാട്ടുകാർക്ക് വേണ്ടത്ര റേഞ്ച് ഇല്ലാത്തതിനാൽ ഫോണിലൂടെയുളള പഠനം തടസപ്പെടുകയാണ്. കൊച്ചുകുട്ടികളടക്കം പാറപ്പുറം കയറാനും ഇറങ്ങാനും ബുദ്ധിമുട്ടുകയാണ്. പഠനം വനാതിർത്തിയിലും പാറപ്പുറങ്ങളിലുമായതിനാൽ വന്യമൃഗങ്ങളേയും ഭയക്കണം. നിലവിലെ കുട്ടമ്പുഴ ടവറിന് ശേഷി കൂട്ടിയാൽ മാത്രമേ ലക്ഷം വീട്, മക്കപ്പുഴ കോളനി നിവാസികളുടെ ഓൺലൈൻ പഠനം സാധ്യമാകു.
