കോതമംഗലം : കോട്ടപ്പടിയിൽ ആന കിണറ്റിൽ വീണതിനെ തുടർന്നുണ്ടായ ജനങ്ങളുടെ പ്രതിഷേധത്തിന്റെ പേരിൽ കോട്ടപ്പടി പോലീസ് സ്റ്റേഷൻ എടുത്ത കേസ് പിൻവലിക്കാൻ സർക്കാർ ഉത്തരവായതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. കോട്ടപ്പടി പഞ്ചായത്ത് മൂന്നാം വാർഡിൽ (മലയാറ്റൂർ ഡിവിഷൻ) 12/4/24 തീയതി പുലർച്ച കൂലാത്തി വീട്ടിൽ മത്തായി മകൻ പത്രോസിന്റെ പുരയിടത്തിലെ കിണറ്റിൽ കാട്ടാന വീണതിനെ തുടർന്നുണ്ടായ ജനങ്ങളുടെ സ്വാഭാവിക പ്രതിഷേധത്തിനെതിരെ കോട്ടപ്പടി പോലീസ് സ്റ്റേഷൻ ക്രൈം 129/2024 നമ്പർ ആയി കേസ് രജിസ്റ്റർ ചെയ്യുകയുണ്ടായി.പ്രദേശത്ത് നിരന്തരമായി ഉണ്ടാകുന്ന വന്യമൃഗ ശല്യത്തിനെതിരായി സ്വാഭാവികമായ പ്രതിഷേധം മാത്രം ഉയർത്തിയിട്ടുള്ള പ്രദേശ വാസികൾക്കെതിരെയാണ് പോലീസ് കേസ് എടുത്തിരുന്നത്. കാട്ടാന വീണ കിണർ പ്രസ്‌തുത കുടുംബം മാത്രമല്ല പ്രദേശവാസികളാകെ കുടിവെള്ളത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി ആശ്രയിച്ചിരുന്നതാണ് നിരന്തരമായ തുടർന്ന് ജീവനും സ്വത്തിനും ഭീഷണി നേരിടുന്ന പ്രദേശ വാസികളുടെ സ്വാഭാവിക പ്രതിഷേധത്തിന് എതിരെയാണ് കേസ് എടുത്തത്.

പ്രദേശവാസികളായ 9 പേർക്കും മറ്റ് കണ്ടാൽ അറിയാവുന്ന പത്തോളം പേർക്ക് എതിരായി ഉണ്ടായിട്ടുള്ള പ്രോസിക്യൂഷൻ നടപടികൾ കോട്ടപ്പടി പോലീസ് സ്റ്റേഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്ക് എം എൽ എ കത്ത് നൽകിയിരുന്നു. ഈ അപേക്ഷ പരിഗണിച്ചുകൊണ്ടാണ് കേസ് പിൻവലിക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവ് ആയിട്ടുള്ളത്.



























































