കോതമംഗലം : ക്വാറിയിലെ കളക്ഷൻ തുകയുമായി വന്ന വാഹനം തടഞ്ഞു നിർത്തി ആക്രമിച്ച് കവർച്ച ചെയ്യാൻ ശ്രമിച്ച സംഘത്തിലെ ഒളിവിൽ ആയിരുന്ന പ്രതി മുവാറ്റുപുഴയിൽ പിടിയിൽ. ഇടുക്കി, അടിമാലി, മന്നാംകണ്ടം, ആനവിരട്ടി ഭാഗത്ത് കൊട്ടാരത്തിൽ വീട്ടിൽ അനൂപ് ഫ്രാൻസിസ് (പീലി – 40 )നെയാണ് മൂവാറ്റുപുഴ പോലിസ് അറസ്റ്റ് ചെയ്തത്. കുന്നത്ത്നാട് ,പട്ടിമറ്റം മങ്കുഴി ഭാഗത്ത് ഗ്യാസ് സ്റ്റവ് റിപ്പയർ ജോലി ചെയ്ത് ഭാര്യയുമായി കഴിഞ്ഞുവരികയായിരുന്നു ഇയാള്‍. കഴിഞ്ഞ 28 ന് രാത്രി മൂവാറ്റുപുഴ കൂത്താട്ടുകുളം റോഡിൽ മാറാടി ഭാഗത്ത് ആണ് കേസിനാസ്പദമായ സംഭവം.
കൂത്താട്ടുകുളം ഭാഗത്തു നിന്ന് പണവുമായി സഞ്ചരിച്ച കാറിനെ രെജിസ്ട്രേഷൻ നമ്പർ ഭാഗികമായി മറച്ചു വെച്ച മറ്റൊരു വാടക കാറിൽ കവര്‍ച്ച സംഘം പിന്തുടർന്ന് എംസി റോഡിൽ മാറാടിയ്ക്കു സമീപം വാഹനം വട്ടം വച്ച് ആക്രമിച്ച് പണം തട്ടാൻ ശ്രമിക്കുകയായിരുന്നു. കോട്ടപ്പടി കൊള്ളിപ്പറമ്പ് മാങ്ങുഴ വീട്ടിൽ ഫിൻറ്റോ സേവ്യർ (32), കോട്ടപ്പടി, പൂച്ചാക്കര അംഗനവാടിക്ക് സമീപം കോളശേരിൽ വീട്ടിൽ സനീഷ് തമ്പാൻ (33) എന്നിവരെ മൂവാറ്റുപുഴ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 28 ന് രാത്രി 9 മണിയോടെ മൂവാറ്റുപുഴ കൂത്താട്ടുകുളം റോഡിലാണ് സംഭവം. ബാക്കി പ്രതികൾക്കായും ഒളിവിൽ താമസിക്കാൻ സൗകര്യം ചെയ്തവരെയും പറ്റിയുള്ള അന്വേഷണം മറ്റു ജില്ലകളിലേക്ക് കൂടി വ്യാപിപ്പിച്ചിട്ടുണ്ട്.
അനൂപിന് മുൻപ് കൊടുങ്ങല്ലൂർ മതിലകത്ത് വ്യാപാരിയെ അക്രമിച്ച് ഒന്നര കിലോ സ്വർണം കവർച്ച ചെയ്തകേസിലും അടിമാലി, പെരുമ്പാവൂർ എന്നിവിടങ്ങളിലും നിരവധി മോഷണ, കവർച്ച കേസുകളുണ്ട്. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്‍റെ നേതൃത്വത്തില്‍ മൂവാറ്റുപുഴ ഡിവൈഎസ്പി എസ്.മുഹമ്മദ് റിയാസ്, ഇൻസ്‌പെക്ടർ എം.കെ.സജീവ്, എ.എസ്.ഐ രാജേഷ്.സി.എം, ജയകുമാർ.പി.സി, സി.പി.ഒ ബിബിൽ മോഹൻ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.