കോതമംഗലം : പണ്ട് എൺപതുകളിലെ മലയാള സിനിമകളിൽ സ്ഥിരം സാനിധ്യമായിരുന്ന പ്രത്യേകിച്ചും ശ്രീ. സത്യൻ അന്തിക്കാടിനെ പോലുള്ളവർ സംവിധാനം ചെയ്ത ഗ്രാമീണത തുളുമ്പുന്ന പല സിനിമകളിലും സ്ഥിരമായി കണ്ടിരുന്ന ചായ പീടികയെയാണ് ‘അർച്ചന ഹോട്ടൽ’ ആദ്യമായി കാണുന്നവർക്ക് പെട്ടന്ന് ഓർമ്മയിൽ വരുക . അനുഗ്രഹീത നടന്മാരായിരുന്ന ശ്രീ. ഒടുവിൽ ഉണ്ണികൃഷ്ണനും,, ശ്രീ. ശങ്കരാടിയും മറ്റും അവതരിപ്പിച്ച എത്രയെത്ര നാടൻ ചായക്കടക്കാരെന്റെ വേഷങ്ങൾ, ചായക്കടയിലെ തമാശകൾ… നാടിന്റെ നന്മകൾ… ഒരു പാട് നല്ല മുഹൂർത്തങ്ങൾക്ക് വേദിയായ ഗ്രാമീണ ചായക്കടകൾ.
കോതമംഗലം പുന്നേക്കാട് കവലയിൽ നിന്ന് പാലമറ്റം പോകുന്ന വഴി തിരിയുമ്പോൾ വലതു വശത്തായി ഓടു മേഞ്ഞ പഴമകൾ പേറുന്ന ഒരു കെട്ടിടം, ‘അതാണ് അർച്ചന ഹോട്ടൽ ‘ പഴമക്കാർക്കിത് ‘അജിത’ഹോട്ടലാണ്, ചിലർക്കു നായരുടെ ചായക്കട ഇങ്ങനെ പലപ്പേരിൽ അറിയപ്പെടുന്ന ഒരു പഴയ ചായക്കട കെട്ടിടം. മിക്കവാറും എല്ലാ പഴയ കെട്ടിടങ്ങളും കോതമംഗലത്തു നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും, അപ്രത്യക്ഷമായി പകരം കോൺക്രീറ്റ് ബിൽഡി ങ്ങുകൾ വന്നുകൊണ്ടിരിക്കുന്നു, ഈ സമയത്താണ് പഴമയുടെ സൗന്ദര്യം പേറി നാൽപതു വർഷത്തിനടുത്തായി അർച്ചന ഹോട്ടൽ പുന്നേക്കാട് പ്രവർത്തിച്ചുപോരുന്നത്, പഴയ കാലത്തേക്ക് മനസ്സിലെങ്കിലും ഒരു തിരിച്ചു പോക്കിന് ഈ ചായക്കട കാഴ്ച്ച പലരെയും സഹായിക്കാറുണ്ട്.
ഏതാണ്ട് നാൽപതു വർഷത്തിന് മുൻപ് ഈ ഹോട്ടൽ തുടങ്ങിയ സമയത്ത് ഇത് ‘അജിത ഹോട്ടൽ ‘ആയിരുന്നു പിന്നീട് കുറച്ചു വർഷങ്ങൾക്കു ശേഷം ‘അർച്ചന ഹോട്ടൽ ‘എന്ന് പേരുമാറ്റുകയാണുണ്ടായത്, തുടക്കകാലത്തെങ്ങനയോ അങ്ങനെ തന്നെ യാണ് ഇതിന്റെ അകവും പുറവുമിപ്പോഴും. ഭിത്തികൾക്ക് പകരം ചെറിയ തടി കഷണങ്ങൾ കൊണ്ട് വായു കടക്കുന്ന വിധം ചേർത്തു വച്ച മുൻവശം ആരുടെയും ശ്രദ്ധ പിടിച്ചു പറ്റുന്ന ഒന്നാണ്. ചെറുകടി അഥവാ പലഹാരങ്ങൾ നിരത്തി വയ്ക്കുന്ന വലിയ ഒരു തടി അലമാരി ഹോട്ടലിനകത്തേക്ക് കയറുമ്പോൾ തന്നെ കാണുവാൻ സാധിക്കും.
അച്ഛനപ്പൂപ്പന്മാർ അവരുടെ നല്ലകാലങ്ങളിൽ, അവരുടെ ചെറുപ്പത്തിൽ ചായ കുടിച്ചിരുന്ന ഹോട്ടലിരുന്ന് ഇപ്പോൾ പുതു തലമുറക്കും ആ പഴമയുടെ അന്തരീക്ഷത്തിൽ ആസ്വദിച്ചു ചായ കുടിക്കാൻ സാധിക്കുകയെന്നത് പുന്നേക്കാടുകാരുടെ ഒരു ഭാഗ്യമാണ് . ആരംഭിച്ച സമയത്തെ പോലെ തന്നെ കാഴ്ചയിലും, രൂപത്തിലും,കെട്ടിലും മട്ടിലുമെല്ലാം ഒരു മാറ്റവും ഇല്ലാതെ ഹോട്ടൽ ഇപ്പോഴും തുടരുന്നു.
അതുപോലെ തന്നെ പുന്നേക്കാടിന്റെ സാമൂഹിക സാംസ്‌കാരിക വളർച്ച നേരിട്ടുകണ്ട്, പല വിധ ചർച്ചകൾക്ക് വേദിയായിട്ടുണ്ട് അർച്ചന ഹോട്ടൽ. ശ്രീ. കണിയാട്ട് സുകുമാരൻ നായർ ആണ് ഇപ്പോൾ ഈ ഹോട്ടൽ നടത്തുന്നത് കുട്ടൻ എന്നു ഓമന പേരുള്ള ശ്രീ. സുകുമാരൻ നായരുടെ അച്ഛൻ,ശ്രീ.നാരായണൻ നായരാണ് ഈ ഹോട്ടൽ തുടങ്ങിയത്. അച്ഛന്റെ മരണശേഷം ശ്രീ. സുകുമാരൻ ഹോട്ടലിന്റെ എല്ലാ കാര്യങ്ങളും ഏറ്റെടുത്തു. ‘കുട്ടന്റെ കട ‘യെന്നും നാട്ടുകാർ ഈ ഹോട്ടലിനെ വിളിക്കുന്നുണ്ട്. ചായ, കാപ്പി, ഇഡലി, പുട്ട് അപ്പം തുടങ്ങി നാടൻ രുചിയിൽ പ്രഭാത ഭക്ഷണവും, ഉച്ചക്ക് ഊണും, പിന്നെ വൈകുന്നേരം പരിപ്പുവട, പഴംപൊരി തുടങ്ങി ചെറുകടികളും ഇവിടെ ലഭ്യമാണ്. വർഷങ്ങളായി സ്ഥിരമായി ഹോട്ടലിൽ വരുന്ന പ്രായമായവരും പിന്നെ അവരുടെ കൂടെ ഇവിടെ വന്നു ചേർന്ന യുവ തലമുറയും ഹോട്ടലിന്റെ രൂപവും ഭാവവും കണ്ട് ആകൃഷ്ടരായി വന്നുപോകുന്ന മറ്റു നാട്ടുകാരും,ചില യുട്യൂബ് വ്ലോഗർമാരും മറ്റു ടൂറിസ്റ്റ്കളുമെല്ലാമായി അർച്ചന ഹോട്ടലിൽ സന്ദർശകരെറെയാണ്.
പഴയ കാലഘട്ടം ചിത്രീകരിക്കാനുദ്ദേശിക്കുന്ന സിനിമ, സീരിയൽ കലാകാരന്മാർക്ക് പറ്റിയ ലൊക്കേഷൻ ആണ് അർച്ചന ഹോട്ടൽ. ഹോട്ടലിലേക്ക് കയറി ചെല്ലുമ്പോൾ ചെറിയ മുറിയിൽ തൂക്കിയിട്ടിരിക്കുന്ന ഗാന്ധിജി, മന്നത്തു പദ്മനാഭൻ തുടങ്ങി പല മഹാരഥൻമാരുടെയും ഫോട്ടോകൾ ആകർഷകമായ മറ്റൊരുകാഴ്ച്ചയാണ്.കോതമംഗലത്തെ ചില ഗ്രാമപ്രദേശങ്ങളിൽ അപൂർവമായെങ്കിലും ചിലർ ഇതുപോലെ വർഷങ്ങൾ പഴക്കമുള്ള കെട്ടിടങ്ങളിൽ പല കച്ചവടങ്ങളും നടത്തുന്നുണ്ട്.
കോവിഡ് കാരണം പ്രായമായവരും മറ്റു ചില സ്ഥിരം ആളുകളും വരവ് കുറച്ചതോടെ ഇപ്പോൾ തിരക്ക് കുറവാണെങ്കിലും, വർഷങ്ങളായി പുന്നേക്കാടിന്റെ ഓരോ സ്പന്ദനവും അറിഞ്ഞു പഴമയുടെ ഭംഗിയും പേറി ,ഗതകാല സ്മരണകളും , കുറെ തലമുറകളുടെ കഥകളുമായി അർച്ചന ഹോട്ടൽ പ്രവർത്തനം തുടരുന്നു.