കോതമംഗലം :കറുകടത്ത് ടി ടി സി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ നീതി പൂർവ്വവും, കുറ്റമറ്റതുമായ അന്വേഷണം ഉറപ്പുവരുത്തുമെന്ന് വനിത കമ്മീഷൻ അധ്യക്ഷ അഡ്വ.പി സതീദേവി. കറുകടത്ത് ആത്മഹത്യ ചെയ്ത ടി ടി സി വിദ്യാർത്ഥിയുടെ വീട് സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു വനിതാ കമ്മീഷൻ അധ്യക്ഷ. വീട്ടിലെത്തിയ അഡ്വ. പി സതീദേവി അമ്മയും, സഹോദരനും ബന്ധുമിത്രാദികളുമായി കാര്യങ്ങൾ വിശദമായി സംസാരിച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട തുടർ കാര്യങ്ങളിൽ പോലീസിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ ബന്ധുക്കൾക്ക് ഉറപ്പു നൽകി. ആന്റണി ജോൺ എംഎൽഎ, ജില്ലാ പഞ്ചായത്ത് അംഗം റഷീദ സലിം എന്നിവരും വനിതാ കമ്മീഷൻ അധ്യക്ഷ യോടൊപ്പം ഉണ്ടായിരുന്നു.
