കോതമംഗലം : കല്ലൂർക്കാട് വാടക വീട്ടിൽ നിന്നും കഞ്ചാവ് പിടിച്ച കേസ്സിൽ ഒരാൾ കൂടി അറസ്റ്റിൽ. തൊടുപുഴ കാരിക്കോട് ചുണ്ടേക്കാട്ട് വീട്ടിൽ ഷാഹിൻഷാ (22) യെയാണ് പ്രത്യേക അമ്പേഷണ സംഘം അറസ്റ്റ് ചെയ്തത്. 2020 നവംബറിൽ 40 കിലോയോളം കഞ്ചാവാണ് ഇവിടെ നിന്നും പിടികൂടിയത്. ഈ കേസിൽ ഉൾപ്പെട്ട ആറ് പ്രതികളെ നേരത്തെ പിടികൂടിയിരുന്നു. സംഭവത്തിന് ശേഷം ഇയാൾ ഒളിവിൽപ്പോയി. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് തൊടുപുഴയിൽ നിന്നാണ് ഷാഹിൻഷായെ പിടികൂടിയത്. ആന്ധ്രയിലെ പഡേരുവിൽ നിന്നും കഞ്ചാവ് വാങ്ങുന്നതിന് പണം നൽകിയത് ഇയാളാണ്. വാടക വീട്ടിൽ കഞ്ചാവ് സൂക്ഷിച്ച ശേഷം ചെറുകിട വിൽപ്പനയായിരുന്നു ഇവരുടെ ലക്ഷ്യം. എം.ഡി.എം.എ വിൽപ്പനയുമായി ബന്ധപ്പെട്ട് തൊടുപുഴയിൽ ഇയാൾക്കെതിരെ കേസുണ്ട്.
