കോതമംഗലം: നിയോജകമണ്ഡലത്തിലെ വികസന സ്വപ്നങ്ങൾ പങ്കുവയ്ക്കപെട്ട സ്ഥാനാർത്ഥി സംഗമം ജനപക്ഷം 2K21ശ്രദ്ധേയമായി. മണ്ഡലത്തിലെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട തങ്ങളുടെ പദ്ധതികളും ആശയങ്ങളും സ്ഥാനാർത്ഥികൾ പങ്കുവച്ചു. കത്തോലിക്ക കോൺഗ്രസ് കോതമംഗലം ഫെറോനയുടെ നേതൃത്വത്തിൽ നടത്തിയ സ്ഥാനാർത്ഥി സംഗമത്തിൽ സ്ഥാനാർത്ഥികളായ ആന്റണി ജോൺ എംഎൽഎ,ഷിബു തെക്കുംപുറം, ഡോ. ജോ ജോസഫ്,ഷൈൻ കെ കൃഷ്ണൻ എന്നിവർ പങ്കെടുത്തു. കാർഷിക വികസനത്തിൽ ഊന്നി നടപ്പിലാക്കുന്ന പദ്ധതികളും റിംഗ് റോഡ്, ബൈപ്പാസ് എന്നിവയുടെ നിർമ്മാണവും എല്ലാ സ്ഥാനാർഥികളും മുൻഗണന നൽകിയ പദ്ധതികളായി.വന്യമൃഗ ഭീഷണി, പട്ടയ പ്രശ്നങ്ങൾ, മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള ആരോഗ്യമേഖലയിലെ പദ്ധതികൾ തുടങ്ങിയവയും ചർച്ചയായി. ഗ്രാമീണ വികസനത്തിൽ ഊന്നിയുള്ള പദ്ധതികൾക്ക് മുൻഗണന കൊടുക്കണമെന്ന് പൊതുവികാരം സംഗമത്തിൽ ഉണ്ടായി.
വികസന പ്രവർത്തനങ്ങൾ അനന്തമായി നീണ്ടു പോകുന്ന പതിറ്റാണ്ടുകളായുള്ള സ്ഥിതിക്ക് മാറ്റം വരുത്തി പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി ആന്റണി ജോൺ എംഎൽഎ. തട്ടേക്കാട് ബഫർസോൺ നടപ്പാക്കാൻ അനുവദിക്കില്ലെന്നും കോതമംഗലത്ത് പൊതുശ്മശാനം നിർമ്മിക്കുമെന്നും തങ്കളം കാക്കനാട് പാത അതിവേഗം നിർമാണം പൂർത്തിയാക്കുമെന്നും ആന്റണി ജോൺ ഉറപ്പുനൽകി.
കോതമംഗലത്ത് ടൗൺഹാൾ നിർമ്മിക്കുമെന്നും എല്ലാ പഞ്ചായത്തുകളിലും കാർഷിക വിപണി തുടങ്ങും, മെഡിക്കൽ കോളേജ് തുടങ്ങുവാനുള്ള നടപടികൾ ആരംഭിക്കാൻ ശ്രമിക്കും എന്നും യുഡിഎഫ് സ്ഥാനാർഥി ഷിബു തെക്കുംപുറം പറഞ്ഞു. വന്യമൃഗ ഭീഷണിക്കെതിരെ റെയിൽ ഫെൻസിഗും കിടങ്ങും നിർമ്മിക്കുമെന്നും മുടങ്ങിക്കിടക്കുന്ന ചേലാട് സ്റ്റേഡിയം കാക്കനാട് പാത എന്നിവ പൂർത്തിയാക്കുമെന്നും വിത്തും വളവും സൗജന്യമായി നൽകുമെന്നും ഷിബു തെക്കുംപുറം ഉറപ്പുനൽകി.
കിഴക്കമ്പലം മോഡൽ വികസനം മണ്ഡലത്തിൽ നടപ്പാക്കുമെന്ന് ട്വന്റി20 സ്ഥാനാർഥി ഡോ. ജോ ജോസഫ് വ്യക്തമാക്കി. ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കും. 800 രൂപക്ക് ഒരു മാസത്തേയ്ക്ക് ഒരു കുടുംബത്തിനുള്ള ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കുന്ന പദ്ധതി ഇവിടെയും നടപ്പാക്കും. തട്ടേക്കാട് പക്ഷിസങ്കേത വും പുഴ,തടാകം, മലനിരകൾ എന്നിവ കോർത്തിണക്കി ബൃഹത്തായ ടൂറിസം പദ്ധതി നടപ്പാക്കും.
സർവതല സ്പർശിയായ വികസനം നടപ്പാക്കുമെന്നും കാർഷിക മേഖലയ്ക്ക് ഉണർവ് നൽകുന്ന പാക്കേജുകൾ നടപ്പിലാക്കുമെന്നും ഷൈൻ കെ കൃഷ്ണൻ പറഞ്ഞു. അഡ്വഞ്ചർ ടൂറിസം പദ്ധതി നടപ്പാക്കുമെന്നും പൊതുശ്മശാനം നിർമ്മിക്കുമെന്നും ഷൈൻ വ്യക്തമാക്കി. മുൻ മന്ത്രി ടി.യു കുരിവിളയാണ് വിദ്യാഭ്യാസ തലസ്ഥാനമായ കോതമംഗലത്ത് മെഡിക്കൽ കോളേജ് തുടങ്ങണമെന്ന ആവശ്യം വേദിയിൽ ഉന്നയിച്ചത്. കത്തോലിക്കാ കോൺഗ്രസ് രൂപത ഡയറക്ടർ ഡോ. തോമസ് ചെറുപറമ്പിൽ മോഡറേറ്ററായിരുന്നു. ഫൊറോന പ്രസിഡന്റ് സണ്ണി കടൂത്താഴെ, വിഷയാവതരണം നടത്തി. ജനറൽ സെക്രട്ടറി ഷൈജു ഇഞ്ചക്കൽ ഫാ. സെബാസ്റ്റ്യൻ ആരോലിച്ചാൽ, പ്രൊഫ.ജോർജ് ഓലിയപ്പുറം,ജിജി പുളിക്കൽ എന്നിവർ പ്രസംഗിച്ചു.
ഫാ. റോബിൻ പടിഞ്ഞാറേ ക്കൂറ്റ്,ഫാ. കുര്യാക്കോസ് കണ്ണമ്പിള്ളി, ഫാ. ഇമ്മാനുവൽ കുന്നംകുളം, ബേബിച്ചൻ നിധീരിക്കൽ, അഡ്വ. യു. വി.ചാക്കോ, ജോയി പോൾ പീച്ചാട്ട്,ബെന്നി പാലക്കുഴി, ജോർജ് മങ്ങാട്ട്, ജോൺസൺ പീച്ചാട്ട്, പയസ്സ് ഓലിപ്പുറം,പയസ് തെക്കെകുന്നേൽ,ആന്റണി പാലക്കുഴി, ബിജു വെട്ടിക്കുഴ, ജോസ് കച്ചിറ, സീന മുണ്ടക്കൽ, ജോർജ് അമ്പാട്ട്,സേവ്യർ അറക്കൽ, തോമസ് മലേക്കുടി തുടങ്ങിയവർ നേതൃത്വം നൽകി.