കോതമംഗലം :ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ കോതമംഗലം ചെറിയ പള്ളി തർക്കം അവസാനിപ്പിക്കുന്നതിനു വേണ്ടി കേരള സർക്കാർ നിയമിച്ച ജസ്റ്റീസ് കെ.ടി.തോമസ് കമ്മീഷന്റെ ശുപാർശകൾ എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്ന് കോതമംഗലം മത മൈത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട ജനപ്രതിനിധികളുടെ ഏകദിന ഉപവാസ സമരം സർക്കാരിനോട് ആവശ്യപ്പെട്ടു.
രാവിലെ ഗാന്ധി സ്ക്വയറിലെ ഗാന്ധി പ്രതിമയക്കു മുമ്പിൽ സർവ്വമത പ്രാർത്ഥനയോട് കൂടി എറണാകുളം ജില്ലാ പഞ്ചായത്ത്, കോതമംഗലം നഗരസഭ, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത്, കുട്ടംപുഴ, കീരംപാറ, കവളങ്ങാട്, പല്ലാരിമംഗലം, പിണ്ടിമന, വാരപ്പെട്ടി, കോട്ടപ്പടി എന്നീ ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികളുടെ ഉപവാസ സമരം ആരംഭിച്ചു. നൂറ്റാണ്ടുകൾ പഴക്കമുള്ള മലങ്കര സഭാ തർക്കം ശാശ്വതമായി പരിഹരിക്കുന്നതിന് പള്ളികളിൽ ഹിത പരിശോധന നടത്തണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അഭിപ്രായപ്പെട്ടു.
യോഗത്തിൽ മതമൈത്രി സംരക്ഷണ സമിതി ചെയർമാൻ എ.ജി.ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. ജനൽ കൺവീനർ കെ.എ. നൗഷാദ് സ്വാഗതം ആശംസിച്ചു. യോഗത്തിൽ പി.എ.എം. ബഷീർ, ഷൈജന്റ് ചാക്കോ , ജെസി സാജു , മിനി ഗോപി , ഇ.എം. ജോണി, എ.റ്റി. പൗലോസ് . ഷെമീർ പനയ്ക്കൽ, എൽദോസ് ചേലാട്ട്, മൈതീൻ ഇഞ്ചക്കുടി, കെ.കെ. ദാനി, ബിൻസി, ഭാനുമതി ടീച്ചർ, പ്രവീണ ഹരി, എം.സ്. ബെന്നി, ഷിബു തെക്കുംപുറം, റ്റി.എ.റെജി, ഇ.കെ. സേവ്യർ എന്നിവർ പ്രസംഗിച്ചു.
