കോതമംഗലം : ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ സ്തുതി ചൊവ്വാക്കപ്പെട്ട സത്യവിശ്വാസവും , അന്ത്യോഖ്യൻ പാരമ്പര്യവും പൈതൃകവും നിലനിർത്തുന്നതിനു വേണ്ടി 2019 ഒക്ടോബർ മാസം 6 – )o തീയതി നടത്തപ്പെട്ട രണ്ടാം കൂനൻ കുരിശ് സത്യത്തിന്റെ മൂന്നാം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.
എ.ഡി 1653 ൽ ആണ് കൂനൻ കുരിശ് സത്യം നടന്നത്; സുറിയാനിക്കാരുടെ നേതാവായ തോമ അർക്കദിയാക്കോന്റെ ശ്രമഫലമായി എ.ഡി. 1653 ൽ മോർ അഹത്തള്ള പാത്രിയാർക്കീസ് ബാവ ഇന്ത്യയിലെത്തി. സൂററ്റിൽ കപ്പലിറങ്ങിയ അദ്ദേഹത്തെ പോർത്തുഗീസുകാർ ബന്ധനസ്ഥനാക്കി മൈലാപ്പൂരിൽ പാർപ്പിച്ചു. ഇദ്ദേഹത്തെ ഗോവയിലെ ദണ്ഡനസ്ഥലത്തേക്ക് കൊണ്ടുപോകുന്ന വഴി കൊച്ചിയിലെത്തിച്ച വിവരം അറിഞ്ഞ് അർക്കദിയാക്കോന്റെ നേതൃത്വത്തിൽ 25000 ത്തോളം സുറിയാനിക്കാർ കൊച്ചിയിൽ തടിച്ചു കൂടി. ഭയചകിതരായ പോർത്തുഗീസുകാർ മാർ അഹത്തള്ളാ ബാവയെ കഴുത്തിൽ കല്ലുകെട്ടി കടലിൽ താഴ്ത്തി കൊന്നുകളഞ്ഞു. ഇതിൽ രോക്ഷാകുലരായ സുറിയാനിക്കാർ എ.ഡി 1653 മകര മാസം മൂന്നാം തീയതി വെള്ളിയാഴ്ച ആഞ്ഞിലിമൂട്ടിൽ ഇട്ടിത്തൊമ്മൻ കത്തനാരുടെ നേതൃത്വത്തിൽ മട്ടാഞ്ചേരിയിലെ കൂനൻ കുരിശിങ്കൽ ആലാത്തുകെട്ടി അതിൽ പിടിച്ചു കൊണ്ട് ഇപ്രകാരം സത്യം ചെയ്തു.
ഞങ്ങളും ഞങ്ങളുടെ സന്തതി പരമ്പരകളും സൂര്യ ചന്ദ്രന്മാരുള്ളിടത്തോളം കാലം പരി. അന്ത്യോഖ്യാ സിംഹാസനത്തെ മറക്കുകയില്ല എന്നും റോമാനുകത്തെ ഞങ്ങളുടെ ചുമലിൽ നിന്നും എടുത്തുകളയുമെന്നും ഇതിനാൽ സത്യം ചെയ്യുന്നു. 2019 ഒക്ടോബർ 6 ന് കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ തടിച്ചു കൂടിയ ജന ലക്ഷങ്ങൾ പരി.ബസേലിയോസ് യൽ ദോ ബാവായുടെ ദേഹവിയോഗ സമയത്ത് ദിവ്യപ്രകാശം കണ്ട കൽക്കുരിശിൽ ആലാത്ത് കെട്ടി അതിൽ പിടിച്ച് എ.ഡി 1653 ൽ നമ്മുടെ പൂർവ്വികർ നടത്തിയ സത്യവിശ്വാസ പ്രഖ്യാപനത്തെ അനുസ്മരിച്ചു കൊണ്ട് രണ്ടാം കൂനൻ കുരിശ് സത്യം നടത്തി പൈതൃക വിശ്വാസത്തെ ആവർത്തിച്ച് ഉറപ്പിച്ച് ഇപ്രകാരം ഏറ്റുചൊല്ലി. ഞങ്ങളും ഞങ്ങളുടെ സന്തതി പരമ്പരകളും ഞങ്ങൾക്ക് ജീവനുള്ളിടത്തോളം കാലം പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തെ മറക്കുകയില്ല എന്നും … പരി.ബസേലിയോസ് യൽ ദോ ബാവ തന്റെ വാർദ്ധക്യത്തിൽ ചൊല്ലിത്തന്ന സ്തുതി ചൊവ്വാക്കപ്പെട്ട സത്യവിശ്വാസത്തിൽ നിന്നും ഞങ്ങൾ അണുവിട പോലും വ്യതിചലിക്കുകയില്ല എന്നും ഞങ്ങളുടെ പൂർവ്വ പിതാക്കന്മാർ ഞങ്ങൾക്ക് പകർന്നു തന്ന സത്യവിശ്വാസത്തിന്റെ തിരിനാളം കെടാതെ ഞങ്ങൾ സൂക്ഷിക്കുമെന്നും ഞങ്ങളുടെ പിൻതലമുറകൾക്ക് അത് പകർന്നു നൽകുമെന്നും ഇതിനാൽ സത്യം ചെയ്യുന്നു.
രണ്ടാം കൂനൻ കുരിശ് സത്യം പരിശുദ്ധ യാക്കോബായ സുറിയാനി സഭയ്ക്ക് പുത്തനുണർവ്വേകിയ ചരിത്ര സംഭവമായിരുന്നു എന്ന് ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവ പ്രഖ്യാപിച്ചു. രണ്ടാം കൂനൻ കുരിശ് സത്യത്തിന്റെ മൂന്നാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്രേഷ്ഠ ബാവാ തിരുമേനി.
കോതമംഗലം എം. എൻ.എ ആന്റണി ജോൺ , ചെറിയ പള്ളി വികാരി ഫാ.ജോസ് പരത്തുവയലിൽ, സഹ വികാരിമാരായ ഫാ.ജോസ് തച്ചേത്ത്കുടി, ഫാ.ഏലിയാസ് പൂമറ്റത്തിൽ, ഫാ.ബിജോ കാവാട്ട് , ഫാ. ബേസിൽ ഇട്ടിയാണിയ്ക്കൽ, വലിയ പള്ളി സഹ വികാരി ഫാ.എബ്രഹാം കിളിയൻ കുന്നത്ത് , ചെറിയ പള്ളി ട്രസ്റ്റിമാരായ അഡ്വേ.സി.ഐ. ബേബി, ബിനോയി മണ്ണംഞ്ചേരി, വർക്കിംഗ് കമ്മിറ്റി , മാനേജിംഗ് കമ്മറ്റി അംഗങ്ങൾ, മതമൈത്രി സംരക്ഷണ സമിതി ചെയർമാൻ എ.ജി.ജോർജ്ജ്, കൊല്ലം പണിക്കർ, ലിസി ജോസ് , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജെയിംസ് കോറമ്പേൽ ….. തുടങ്ങിയവർ സംബന്ധിച്ചു.