Connect with us

Hi, what are you looking for?

EDITORS CHOICE

പ്രസിദ്ധമായ കന്നി-20 തിരുനാൾ ഗാനത്തിന്റെ ശില്പി സാബു ആരക്കുഴ, ഈ ഗാനത്തിന്റെ ഉത്ഭവത്തേക്കുറിച്ച്.

sabu arakkuzha

കോതമംഗലം : കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ പ്രസിദ്ധമായ കന്നി 20 തിരുനാളിന് തീർത്ഥാടകരായ ഭക്തലക്ഷങ്ങൾ കഴിഞ്ഞ 18 വർഷമായി ഇന്നും ആലപിക്കുന്ന ഈ മനോഹരമായ ഗാനത്തിന്റെ രചനയും സംഗീതവും നിർവ്വഹിച്ചിരിക്കുന്നത് ഒരു മുവാറ്റുപുഴക്കാരനാണ്. സാബു ആരക്കുഴയാണ് ആ ഗാനത്തിന്റെ ശില്പി.

ആബൂൻ മാർ ബസേലിയോസ്
എൽദോ ബാവ പരിശുദ്ധ..
അലിവോടിന്നി അടിയങ്ങൾ അങ്ങേ
നാമം വാഴ്ത്തുന്നു..

ഈ ഗാനത്തിന്റെ ഉത്ഭവത്തേക്കുറിച്ച് സാബു ആരക്കുഴയുടെ വാക്കുകളിലേക്ക്..

ഈ പാട്ട് ഉണ്ടായതിനു പിന്നിൽ വലിയൊരു കഥയുണ്ട്.. അതു പറയാം.
കോതമംഗലത്ത് ക്രിസ്തീയ ഭക്തിഗാനങ്ങൾ ഇറക്കുന്ന. ഗോൾഡൻമ്യൂസിക് എന്ന ഒരു മ്യൂസിക് കമ്പനി ഉണ്ടായിരുന്നു. അവർക്കുവേണ്ടി ഞാൻ ക്രിസ്തു എന്ന ഒരു ആൽബം ചെയ്തുകൊടുത്തു. ആ ആൽബത്തിലെ മുഴുവൻ ഗാനങ്ങളുടെയും രചനയും സംഗീതവും ഞാനായിരുന്നു. അക്കാലത്ത് ഏറെ ഹിറ്റായ ഒരു ആൽബം ആയിരുന്നു അത്.. പിന്നീട് ഞാനവർക്ക് ഗലീലിയൻ എന്ന ഒരു ആൽബം ചെയ്തുകൊടുത്തു.. ആ ആൽബവും വൻ ഹിറ്റായി… തുടർന്ന് ആ പ്രൊഡ്യൂസർ പറഞ്ഞു ഞങ്ങളുടെ കോതമംഗലം ബാവായ്ക്ക് വേണ്ടി ഒരു ആൽബം ചെയ്തു തരണം. ഒരു കത്തോലിക്കനായ എനിക്ക് ബാവായെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു. അപ്പോൾ അയാൾ പറഞ്ഞു. ഗലീലിയൻ എന്ന ആൽബത്തിൻറെ പ്രതിഫലം തരണമെങ്കിൽ. ഞങ്ങൾക്ക് ഒരു ആൽബം കൂടി ചെയ്തു തരണം.. വളരെ സാമ്പത്തികബുദ്ധിമുട്ട് അനുഭവിച്ചിരുന്ന ഞാൻ.. ആൽബംചെയ്തു തരാം എന്ന് സമ്മതിച്ചു.

അങ്ങനെ പിന്നീട് ഞാൻ മനസ്സിൽ ഒരു ഈണമിട്ടു കൊണ്ട് കോതമംഗലത്ത് ചെന്നു.
അവർ എനിക്ക് ഗലീലിയൻ എന്ന ആൽബത്തിലെ പ്രതിഫലം 10000 രൂപതന്നു. തുടർന്ന് ചെറിയ പള്ളിയിലെ വികാരിയച്ചനെ പരിചയപ്പെടുത്താനായി എന്നെ പള്ളിയിൽ കൊണ്ടുപോയി. എന്നെ പരിചയപ്പെടുത്തിയപ്പോൾ അച്ഛൻ പറഞ്ഞു. കണ്ടോരോക്കെ പാട്ട് എഴുതിയാൽ ശരിയാവില്ല.. അതുകാരണം ഈ ആൽബം ചെയ്യാൻ എൻറെ ഭാഗത്തുനിന്ന് ഒരു സപ്പോർട്ട് ഉണ്ടാവില്ല.. അച്ഛൻ ഇങ്ങനെ പറഞ്ഞത് പ്രൊഡ്യൂസർക്ക് സങ്കടമായി.
എന്നാൽഎനിക്ക് സന്തോഷമായി..
കാരണം ബാവായെ കുറിച്ച് പാട്ട് എഴുതാൻ എനിക്കറിയില്ല.. അച്ഛൻറെ മുറിയിൽനിന്നും
പുറത്തിറങ്ങിയ ഗോൾഡൻ മ്യൂസിക് പ്രൊഡ്യൂസർ എന്നോട്പറഞ്ഞു. ആരെല്ലാം എതിർത്താലും ഞാൻ ആൽബം ചെയ്യും. അതിൻറെ രചനയും സംഗീതവും സാബു തന്നെയായിരിക്കും. പ്രൊഡ്യൂസർ എന്നെ വിടുന്ന മട്ടില്ല എന്ന് എനിക്ക് തോന്നി.

ഞാൻ ചെറിയ പള്ളിയിൽ കയറി എൽദോ ബാവായുടെ കബറിങ്കൽ പ്രാർത്ഥിച്ചു. ജീവിതത്തിൽ അന്ന് ആദ്യമായിട്ടാണ്. ഒരു യാക്കോബായ ദേവാലയത്തിലെ ഉള്ളിൽ കയറുന്നത്.. ഞാൻ ഇങ്ങനെ പ്രാർത്ഥിച്ചു.. എൻറെ ബാവായെ അങ്ങയെ കുറിച്ച് പറഞ്ഞു കേട്ട അറിവ് മാത്രമേ എനിക്കുള്ളൂ. അവിടുത്തെ കുറിച്ച്എനിക്കൊന്നും അറിയില്ല, എഴുതാനുള്ള വരികൾ ഒക്കെ അങ്ങ് പറഞ്ഞുതരണം കേട്ടോ.. ഞാൻ പത്തുരൂപനേർച്ചയും ഇട്ട് പുറത്തിറങ്ങി.. അപ്പോൾ മുതൽ പാട്ടിൻറെ വരികൾ ഈണത്തോടൊപ്പം എൻറെ മനസ്സിലേക്ക് കടന്നു വരാൻ തുടങ്ങി.. അങ്ങനെ അവിടുന്ന് വീട്ടിലേക്കുള്ള യാത്രയിൽ ബസിലിരുന്ന് ഞാനെഴുതി..

ആബൂൻ മാർ ബസേലിയോസ് യെൽദൊ
ബാവ പരിശുദ്ധ അലിവോടിന്നീ അടിയങ്ങൾ അങ്ങേ നാമം വാഴ്ത്തുന്നു..

തുടർന്ന് മറ്റൊരു പാട്ട് കൂടി ഞാൻ എഴുതി.

പരിശുദ്ധനായ പിതാവിൻറെ ദാസനായ സ്വർഗ്ഗീയ ഭവനത്തിൽ വാണീടുന്ന…
എന്തായാലും ആൽബം മനോഹരമായി ചെയ്തു. “എൻറെ എൽദോ ബാവ”
എന്ന ആൽബത്തിലെ പ്രതിഫലം ചോദിച്ചപ്പോൾ. ആ പ്രൊഡ്യൂസർപറഞ്ഞു.
ഞങ്ങൾക്ക് ഒരു നാടൻ പാട്ടിൻറെ ആൽബം കൂടി സാബു ചെയ്തു തരണം..അതിൻറെ പ്രതിഫലവും ഇതിൻറെ പ്രതിഫലവും ഒരുമിച്ച് തരും..

എനിക്ക് അവർക്കുവേണ്ടി ഒരു നാടൻ പാട്ടിൻറെ ആൽബം ചെയ്യേണ്ടിവന്നു.

പത്ത് പാട്ടുകൾ,, രചനയും സംഗീതവും ഞാൻ തന്നെ. ചക്കരെ ചുമ്മാ ചുമ്മാ എന്നായിരുന്നു ആൽബത്തിന് പേര്.. എറണാകുളം സ്റ്റുഡിയോയിൽ നിന്നും നാടൻപാട്ട് ആൽബത്തിൻറെ റെക്കോർഡിംഗ് കഴിഞ്ഞു. പ്രൊഡ്യൂസറുടെ ബൈക്കിൽ ഞാൻ മൂവാറ്റുപുഴക്ക് തിരിച്ചു… രാത്രി ഒരു മണിക്ക്. എന്നെ മൂവാറ്റുപുഴ കൊണ്ടുവന്ന് ഇറക്കി.
പ്രതിഫലം ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു.
ഇപ്പോൾ ഇല്ല പിന്നെ തരാം.. ഒടുവിൽ വീട്ടിലേക്ക് പോകാനുള്ള ഓട്ടോ കൂലി വരെ ഞാൻ ചോദിച്ചു.. അതുവരെ എനിക്ക് അയാളിൽനിന്ന്കിട്ടിയില്ല..

പരിചയമുള്ള ഒരു ഓട്ടോക്കാരനോട് കടം പറഞ്ഞു കൊണ്ട്, ഞാൻ അദ്ദേഹത്തെ വിളിച്ചു വീട്ടിൽ പോയി. പാതിരാത്രി കണ്ണുനിറഞ്ഞ് വീട്ടിൽ വന്ന് എന്നോട് ചാച്ചൻ പറഞ്ഞു.
ഈ കാസറ്റ് പരിപാടിയൊക്കെ നിർത്തിക്കോ.. ഇതുകൊണ്ട് ഒരു ഗുണവുമില്ല.. പിന്നീട് പ്രൊഡ്യൂസറോട്പണം ആവശ്യപ്പെട്ട് ഞാൻ പല തവണ വിളിച്ചു.. ഉണ്ടാവുമ്പോൾ തരാം എന്ന് അദ്ദേഹം പറഞ്ഞു. വേറെ പലരെയും കൊണ്ട് വിളിപ്പിച്ചു. പക്ഷേ അദ്ദേഹം പണം തന്നില്ല..

എൻറെ ജീവിതവും വളരെ ദാരിദ്ര്യത്തിൽ ആവാൻ തുടങ്ങിയിരുന്നു.. കോതമംഗലം എന്ന പേര് കേൾക്കുന്നത് തന്നെ എനിക്ക് വെറുപ്പായി. എല്ലാം ഞാൻ ഉപേക്ഷിച്ചു.. എൻറെ പണം അയാൾ തന്നില്ലെങ്കിൽ തരണ്ട.
പിന്നെ ഞാൻ കോതമംഗലത്തേക്ക് വന്നേയില്ല. ആ പ്രൊഡ്യൂസർ എന്നെയോ, അയാളെ ഞാനോ, പിന്നീട് ഇന്നുവരെ വിളിച്ചിട്ടില്ല..

പിന്നീട് വർഷങ്ങൾക്കു ശേഷം.. 2013 ൽ ഒരു തൂപ്പ് ജോലിക്കാരനായി.. കോതമംഗലം സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ എനിക്ക് നിയമനം ലഭിച്ചു. ഞാൻ കോതമംഗലം എത്തി….സത്യത്തിൽ അപ്പോഴാണ് ഞാൻ അറിയുന്നത്.. ബാവായ്ക്ക് വേണ്ടി ഞാൻ ചെയ്ത എൻറെ പാട്ട് ഇവിടെ വൻഹിറ്റ് ആണെന്ന്. കോതമംഗലത്ത് മലയിൻകീഴിൽ ഒരു ചെറിയ വാടക വീട്ടിൽ ഞാൻതാമസം തുടങ്ങി.. പിന്നീട് കോതമംഗലം, പരിശുദ്ധ മാർ ബസേലിയോസ് എൽദോ ബാവ യിൽ നിന്നും. എനിക്ക് ഒത്തിരി അനുഗ്രഹങ്ങൾ കിട്ടി.. ഞാൻ ബാവായുടെ മുന്നിൽ ചെന്ന് പ്രാർത്ഥിക്കുന്നത് ഇങ്ങനെയാണ്.. ബാവായെ അങ്ങേയ്ക്ക് വേണ്ടി പാട്ടെഴുതിയ ആളാണ് ഞാൻ.. അന്ന് ഞാൻ അനുഭവിച്ച കഷ്ടപ്പാട് ബാവായ്ക്ക് അറിയാലോ.. അതുകൊണ്ട് ദൈവതിരുമുമ്പിൽ എൻറെ പ്രാർത്ഥന ഒന്ന് എളുപ്പം അറിയിക്കണേ..

എൻറെ പ്രാർത്ഥന തള്ളിക്കളയാൻ എൻറെ എൽദോ ബാവയ്ക്ക് ഒരിക്കലും കഴിയില്ല.. അതുകൊണ്ട് ചോദിക്കുന്നത് എന്തും അവിടുന്ന് എനിക്ക് സാധിച്ചു തന്നുകൊണ്ടിരിക്കുന്നു.

കോതമംഗലം സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ ആറുവർഷം തൂപ്പ് ജോലിക്കാരനായി ഞാൻ തുടർന്നു..
ഒരുപാട് കഷ്ടപ്പാടുകൾ അക്കാലയളവിൽ ഉണ്ടായെങ്കിലും. തളരാതെ പിടിച്ചു നിന്നു ഞാൻ.

ഒരു പത്താം ക്ലാസുകാരൻ മാത്രമായിരുന്ന ഞാൻ… ഹയർസെക്കൻഡറി.. ചിത്രകല ഡിപ്ലോമ. ബി എ സോഷ്യോളജി, KTET പരീക്ഷ.. അധ്യാപക ഇൻറർവ്യൂ.. ഇവിടെഎല്ലാം, എനിക്ക് വിജയം നേടാനായി…. അങ്ങനെ എൻറെ തൂപ്പു ജോലിയിൽ നിന്നും അധ്യാപകനായി പ്രമോഷൻ കോതമംഗലം രൂപത എനിക്ക് തന്നു.. കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടം, ഫാ. സ്റ്റാൻലി കുന്നേൽ, ഫാ. തോമസ് പറയിടം.. ഈ വൈദിക ശ്രേഷ്ഠരിലൂടെ ദൈവം എനിക്ക് വേണ്ടി പ്രവർത്തിച്ചു..

ഞാനിന്നൊരു അധ്യാപകനാണ്.. തൊടുപുഴ സെൻ സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ ചിത്രകലപഠിപ്പിക്കുന്നു.

പരിശുദ്ധ യെൽദോ ബാവയെക്കുറിച്ചുള്ള പാട്ട് എഴുതിയത് ഞാനാണെന്ന് തിരിച്ചറിഞ്ഞ്……2016 വർഷത്തിൽ കോതമംഗലം ചെറിയ പള്ളി കമ്മിറ്റി എനിക്ക് ക്യാഷ് അവാർഡും, മെമ്മന്റോയും നൽകി ആദരിച്ചു.

ഈ പാട്ടിന് പിന്നിലുള്ള ത്യാഗങ്ങളെ കുറിച്ച് ഓർക്കുമ്പോൾ.. എനിക്ക് ആരോടും ഒരു പരാതിയില്ല.. എല്ലാവരോടും സ്നേഹം മാത്രം. ഈശ്വരൻ എല്ലാം നന്മക്കായി മാറ്റുന്നു..
ജീവിതത്തിലെ കഷ്ടപ്പാടുകൾ ഒക്കെ നല്ലതാണ്. അതിൻറെ പിന്നിൽ ദൈവം നമുക്കായി കരുതിവച്ചിരിക്കുന്ന വലിയൊരു വിജയം ഉണ്ട്.

 

നമ്മുടെ സ്വർഗ്ഗീയ സന്തോഷത്തിൻറെ വിജയം..പരിശുദ്ധ യെൽദൊ മാർ ബസേലിയോസ് ബാവായുടെ അനുഗ്രഹം…….സാബു അരക്കുഴയുടെ വാക്കുകളിൽ പ്രതീക്ഷയുടെ പൂക്കൾ.

You May Also Like

error: Content is protected !!