കോതമംഗലം : കോതമംഗലം വിശുദ്ധ മാർ തോമ ചെറിയ പള്ളിയിലെ കന്നി 20 പെരുന്നാളിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് ആന്റണി ജോൺ എം എൽ എ യുടെ അദ്ധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കന്നി 20 പെരുന്നാൾ നടത്തുവാൻ എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്ന് എം എൽ എ അഭ്യർത്ഥിച്ചു. കോവിഡ് – 19 ന്റെ പശ്ചാത്തലത്തിൽ സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 4 വരെ വിശ്വാസികൾക്ക് സാമൂഹ്യ അകലം പാലിച്ച് പള്ളിയിലെത്തി പ്രാർത്ഥിച്ച് വഴിപാടുകൾ സമർപ്പിച്ച് മടങ്ങാവുന്നതാണ്.
കാൽ നട തീർത്ഥാടകർക്ക് സംഘം ചേരാതെ പള്ളിയിലെത്തുന്നതിനും കബറിങ്കൽ പ്രാർത്ഥിച്ചു മടങ്ങുന്നതിനും ക്രമീകരണം ഉണ്ടായിരിക്കും. കോവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിച്ചു കൊണ്ടു മാത്രമായിരിക്കും പെരുന്നാൾ ചടങ്ങുകൾ നടത്തുന്നത്.

യോഗത്തിൽ മുനിസിപ്പൽ കൗൺസിലർമാരായ എ ജി ജോർജ്ജ്,കെ എ നൗഷാദ്,തഹസീൽദാർ റെയ്ച്ചൽ കെ വർഗീസ്,കോതമംഗലം എസ് ഐ ബേബി,താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ എൻ യു അഞ്ജലി,പള്ളി വികാരി ഫാദർ ജോസ് പരത്തുവയലിൽ,ട്രസ്റ്റി ബിനോയ് മണ്ണഞ്ചേരി,പൗലോസ് പഴുക്കാളി,ജോർജ്ജ് കൂർപ്പിള്ളി എന്നിവർ പങ്കെടുത്തു.


























































