കോതമംഗലം: കാത്തിരിപ്പിന് വിരാമമാകുന്നു. ചേലാട് ഇരപ്പുങ്ങൽ കവലയിൽ കാത്തിരിപ്പു കേന്ദ്രത്തിന്റെ നിർമ്മാണ പ്രവർത്തികൾ അവസാനഘട്ടത്തിലാണ്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ സ്ഥിതി ചെയ്യുന്ന ചേലാട് ഇരപ്പുങ്കൽ കവലയിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനായി ദീർഘകാലമായി കാത്തിരിക്കുകയായിരുന്നു പ്രതിക്ഷയോടെ ഇവിടുത്തെ ജനങ്ങൾ.
ദന്തൽ കോളേജ്, പോളിടെക്നിക് കോളേജ്, ബ്ലോക് റിസോഴ്സ് സെൻ്റർ, സർക്കാർ യുപി സ്കൂൾ, ഹയർ സെക്കണ്ടറി സ്കൂൾ എന്നിവിടങളിലെ വിദ്യാർത്ഥികൾ, ജീവനക്കാർ അടക്കം നിരവധി ജനങ്ങൾ എത്തിപ്പെടുന്ന ഒരു പ്രധാന ജംഗ്ഷനാണ് ചേലാട് ഇരപ്പുങ്കൽ കവല. കോതമംഗലം നഗരസഭ,പിണ്ടിമന, കീരംപാറ പഞ്ചായത്തുകൾ എന്നിവയെ ബന്ധിപ്പിക്കുന്ന പ്രധാന സ്ഥലം കൂടിയായ ഇവിടെ, ഒട്ടനവധി വ്യാപാര സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്നു. എന്നിട്ടും ഒരു കാത്തിരിപ്പ് കേന്ദ്രമില്ല എന്നത് നാട്ടുകാർക്ക് ഏറേ ബുദ്ധിമുട്ടുണ്ടാക്കുകയായിരുന്നു.
മഴക്കാലത്ത് മഴ നനയാതെയും, വേനൽക്കാലത്ത് വെയിൽ കൊള്ളാതെയും കയറി നിൽക്കുവാൻ ഇടമില്ലാതെ പ്രയാസപ്പെടുന്ന വഴി യാത്രക്കാർക്കും, ജോലിക്കാർക്കും, സ്ക്കൂൾ വിദ്യാർത്ഥികളും, സ്ത്രീകളും ,വയോധികരും ഉൾപ്പെടെയുള്ളവർക്ക് ഏറേ ആശ്വാസമാണ് ഈ കാത്തിരിപ്പു കേന്ദ്രത്തിന്റെ നിർമ്മാണം പൂർത്തീകരിക്കുക വഴി സാധ്യമാകുന്നത്.