കോതമംഗലം : ഭിന്നശേഷി സമൂഹത്തിന്റെ ഉന്നമനത്തിനായി ജില്ലാ പഞ്ചായത്ത് പദ്ധതികൾ ഒരുക്കിയതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. ഈ സാമ്പത്തിക വർഷം ഇതിനായി 5.5 കോടി രൂപ നീക്കിവച്ചതായും ഇതിന്റെ പദ്ധതികൾ തുടങ്ങിയതായും അദ്ദേഹം വ്യക്തമാക്കി. കോതമംഗലം നാടുകാണിയിൽ ഭിന്നശേഷി ദിനാചരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷി വിദ്യാർത്ഥികൾക്കായി സ്കോളർഷിപ്പ്, മുചക്ര വാഹനങ്ങൾ, മോട്ടോറൈസ്ഡ് വീൽ ചെയറുകൾ, വീൽചെയറുകൾ, ശ്രവണ സഹായി, പെയിൻ ആന്റ് പാലിയേറ്റീവ് വഴിയുള്ള ഇതര സഹായങ്ങളടക്കമുള്ള പദ്ധതികൾ തുടങ്ങിയതായും പ്രസിഡന്റ് പറഞ്ഞു.
സാന്ത്വന പരിചരണത്തിന്റ ഭാഗമായി ജില്ലയിൽ ഹോമിയോ ആശുപത്രി പാലിയേറ്റീവ് വിഭാഗം ചെയ്യുന്ന സേവനങ്ങൾ മാതൃകയാണ്. നമുക്കിടയിൽ ജീവിക്കുന്ന വേദനയും കഷ്ടപ്പാടുമനുഭവിക്കുന്ന ജനങ്ങൾക്ക് സാന്ത്വനമേകുക വഴി വലിയ സ്വപ്നങ്ങളും പ്രതീക്ഷകളും നൽകാൻ ജില്ലാ ഹോമിയോ വിഭാഗത്തിന് കഴിഞ്ഞെന്നും ഉല്ലാസ് തോമസ് പറഞ്ഞു.
രോഗികളുടെയും കുടുംബത്തിന്റെയും യാതനകളും സാമ്പത്തിക പരാധീനതയും നേരിട്ട് മനസ്സിലാക്കി വിവിധങ്ങളായ സേവനങ്ങൾ നൽകാൻ കഴിഞ്ഞതായും അദ്ദഹേം പറഞ്ഞു.
എറണാകുളം ജില്ലാ ഹോമിയോ ആശുപത്രി ചേതന പദ്ധതി നാടുകാണി സാൻജോ ഭവൻ, ഫുൾഫിൽ ചാരിറ്റബിൾ ട്രസ്റ്റ് കീരംപാറ ഗ്രാമപഞ്ചായത്ത് വാർഡ് ജനകീയ കമ്മറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഭിന്നശേഷിക്കാർക്കായി നടത്തിയ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പിന്റ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു. യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഹോമിയോ മെഡിക്ക ഓഫിസർ ഡോ. ലീനാ റാണി മുഖ്യ പ്രഭാഷണം നടത്തി.
ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണം ജില്ലാ പഞ്ചായത്ത് വികസന സമിതി ചെയർ പേഴ്സൺ റാണിക്കുട്ടി ജോർജും, ജില്ലാ പഞ്ചായത്ത്അംഗം കെ.കെ ഡാനിയും നിർവ്വഹിച്ചു. ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. അമ്പിളി എൻ പദ്ധതി വിശദീകരണം നടത്തി. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ജോമി തെക്കേക്കര, നഗരസഭാ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.വി. തോമസ്, ഗ്രാമ പഞ്ചായത്ത് ആരോ സ്റ്റാന്റിംങ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജു സാബു ,നാടുകാണി മെഡിക്കൽ ഓഫീസർ ഡോ. വിജിത എസ് , ഡോ. സ്മിത ആർ. മേനോൻ , സാഞ്ചോ ഭവനിലെ ലീലാമ്മ തോമസ് എന്നിവർ സംസാരിച്ചു. കീരംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.സി. ചാക്കോ സ്വാഗതവും അംഗം ഗോപി മുട്ടത്ത് നന്ദിയും പറഞ്ഞു. ജില്ലാ ഹോമിയോ അശുപത്രി പാലിയേറ്റീവ് കെയർ ടീം അംഗങ്ങളാണ് മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകിയത്.