കോതമംഗലം: കൊച്ചി ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ നേര്യമംഗലം മുതൽ ഇരുമ്പുപാലം വരെ സ്വകാര്യ വാഹനങ്ങൾ നിരോധിക്കാനുള്ള നിർദ്ദേശം തികച്ചും ജനദ്രോഹപരവുംഗൂഢ ലക്ഷ്യത്തോടെ ഉള്ളതുമാണെന്ന് കത്തോലിക്കാ കോൺഗ്രസ് കോതമംഗലം രൂപത കമ്മിറ്റി ആരോപിച്ചു. മഴക്കാലത്ത് മരങ്ങൾ വീഴാനുള്ള സാധ്യത ഈ റോഡിൽ മാത്രമല്ല എല്ലാ വന മേഖലകളിലും ഉണ്ട്. അപകടാവസ്ഥയിൽ ആയ മരങ്ങൾ വെട്ടി മാറ്റണമെന്ന് ജനം പലതവണ ആവശ്യപ്പെട്ടിട്ടും അത് വനംവകുപ്പ് ചെവിക്കൊണ്ടിരുന്നില്ല. നേര്യമംഗലത്തിന് സമീപം കാറിനു മുകളിൽ മരം വീണ് ഗൃഹനാഥൻ കൊല്ലപ്പെട്ടതിനു ശേഷം ഒരു മാസത്തോളം അനങ്ങാതെ ഇരുന്ന വനം വകുപ്പ് യാത്രാ നിരോധനം എന്ന റിപ്പോർട്ട് ഇപ്പോൾ നൽകിയത് ദുരുദ്ദേശ്യപരമാണ്. ജനത്തിന്റെ ജീവൻ സംരക്ഷിക്കുക എന്നുള്ളതല്ല ഇവരുടെ യഥാർത്ഥ ലക്ഷ്യമെന്ന് പകൽ പോലെ വ്യക്തമാണ്.
ജനത്തിന്റെ ജീവനെക്കുറിച്ച് ഇത്രമാത്രം ആശങ്ക ഉണ്ടായിരുന്നെങ്കിൽ ഇക്കാലമത്രയും ഇവർഎന്തെടുക്കുകയായിരുന്നു എന്ന ന്യായമായ ചോദ്യവും ഉയരുന്നുണ്ട്. ദേശീയപാതയുടെ ഇരുവശങ്ങളിലും ഉടമസ്ഥാവകാശം അനധികൃതമായി ഉറപ്പിക്കാനുള്ള ശ്രമം തുടരുന്ന വനം വകുപ്പ്, ഈ റൂട്ടിൽ രാത്രികാല യാത്രാ നിരോധനം ഏർപ്പെടുത്തുവാൻ നീക്കം നടത്തുന്നുണ്ട് എന്നുള്ള ആരോപണം നേരത്തെ മുതൽ ഉയരുന്നുണ്ട്. ഇതിനുള്ള ടെസ്റ്റ് ഡോസ് ആണ് ഇപ്പോഴത്തെ യാത്രാ നിരോധനം എന്നു വേണം കരുതാൻ. വനംവകുപ്പിന്റെ ജനദ്രോഹപരമായ ഇത്തരം റിപ്പോർട്ടുകൾ അതേപടി അംഗീകരിക്കുന്ന ഉദ്യോഗസ്ഥരുടെ നിലപാട് ഗൂഢതന്ത്രമായി മാത്രമേ കാണാൻ കഴിയൂ എന്നും അത് അംഗീകരിക്കാൻ കഴിയുകയില്ലെന്നും ഉദ്യോഗസ്ഥരെ നിലയ്ക്കുനിർത്താനുള്ള ഇച്ഛാശക്തി ഭരണകർത്താക്കൾ കാണിക്കണമെന്നും അപകടാവസ്ഥയിലുള്ള മരങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ മുറിച്ചു മാറ്റാനുള്ള നടപടി സ്വീകരിക്കണം.
യാത്രാ നിരോധനം ഉടനടി പിൻവലിക്കണമെന്നും കത്തോലിക്കാ കോൺഗ്രസ് ആവശ്യപ്പെട്ടു. രൂപതാ പ്രസിഡന്റ് സണ്ണി കടൂത്താഴെയ അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടർ റവ. ഡോ. മാനുവൽ പിച്ചളക്കാട്ട് ഉദ്ഘാടനം ചെയ്തു. രൂപത ജനറൽ സെക്രട്ടറി മത്തച്ചൻ കളപ്പുരക്കൽ പ്രമേയം അവതരിപ്പിച്ചു. അഡ്വ. തമ്പി പിട്ടാപ്പിള്ളിൽ, അഡ്വ. വി യു ചാക്കോ വറങ്ങലക്കുടി, തോമസ് കുണിഞ്ഞി, ബിന്ദു ജോസ് ഊന്നുകല്ലേൽ, ജോയ്സ് മേരി ആന്റണി, മേരി ആന്റണി കൂനംപാറയിൽ , ബെന്നി മേലേത്ത്, ബേബിച്ചൻ നിധീരിക്കൽ, ജോസ് പുതിയേടം,ജോർജ് കുര്യാക്കോസ് ഒലിയപ്പുറം, ജിനു മാടേക്കൽ, ജോണി മഞ്ചേരി, ജോസ് കൈതക്കൽ, ജോസഫ് കരിനാട്ട്, ജോണി ഇഞ്ചക്കൽ,റോജോ വടക്കേൽ, സനിൽ പറങ്കിമാലിൽ,അമിത മഞ്ചേരി, അഞ്ചു ജോസ് നെല്ലിക്കുന്നിൽ എന്നിവർ പങ്കെടുത്തു.