കോതമംഗലം: ബി ജെ പി യുടെ സമരം വിഭാഗീയത നിലനിൽക്കുന്ന കോതമംഗലത്ത് ചേരിതിരിഞ്ഞ് നടത്തി ഇരു വിഭാഗങ്ങൾ നേർക്കുനേർ നിന്നത് വിവാദമാകുന്നു.
കൊടകര സാമ്പത്തിക ഇടപാടിൽ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെയും പാർട്ടിയേയും അപകീർത്തിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് കോതമംഗലത്ത് ഔദ്യോഗിക വിഭാഗവും വിമത വിഭാഗവും സമാന്തരമായി ഒരേ സമയം സമരം നടത്തിയാണ് ശ്രദ്ധയാകർഷിച്ചത്. കോതമംഗലം പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ ഔദ്യോഗിക വിഭാഗം സമരം നടത്തുന്നതിനിടെ സമീപമുള്ള ഗാന്ധി സ് ക്വയറിൽ വിമത വിഭാഗവും സമരം നടത്തി. ഇരു വിഭാഗവും പാർട്ടിക്കും സുരേന്ദ്രനും പിന്തുണ പ്രഖ്യാപിച്ച് പ്ലാക്കാർഡുകൾ കൈയ്യിലേന്തിയിരുന്നു. ഔദ്യോഗിക വിഭാഗം സംഘടിപ്പിച്ച സമരത്തിൽ ഇ കെ അജിത് കുമാർ , അഡ്വ. കെ പി വിത്സൺ, സുരേന്ദ്രൻ എം വി ,വൈശാഖ് പ്രദീപ് എന്നിവർ പങ്കെടുത്തു.
എതിർ വിഭാഗം സംഘടിപ്പിച്ച സമരത്തിൽ ബി ജെ പി മുൻ മദ്ധ്യമേഖല സെക്രട്ടറി എം എൻ ഗംഗാധരൻ , മുൻ നിയോജക മണ്ഡലം പ്രസിഡൻ്റുമാരായ പി കെ ബാബു,സന്തോഷ് പത്മനാഭൻ ,മുൻ നിയോജക മണ്ഡലം ബി ജെ പി-യുവമോർച്ച ഭാരവാഹികളായ മനോജ് കാനാട്ട്, ടി എസ് സുനീഷ്, പട്ടികജാതി മോർച്ച മുൻ ജില്ലാ സെക്രട്ടറി സി കെ രാജൻ, യുവമോർച്ച മുൻ നിയോജക മണ്ഡലം പ്രസിഡൻ്റ് അഡ്വ.കെ രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു. ബി ജെ പി നിയോജക മണ്ഡലം പ്രസിഡൻറായി മനോജ് ഇഞ്ചൂർ സ്ഥാനമേറ്റ ശേഷമാണ് പാർട്ടിയിലെ വിഭാഗീയത മറ നീക്കി പുറത്തു വന്നത്. മുരളീധര വിഭാഗത്തിൽ പ്പെട്ടയാളാണ് നിയോജക മണ്ഡലം പ്രസിഡന്റ് മനോജ് ഇഞ്ചൂർ.പാർട്ടി പരിപാടികൾ മറ്റു ഗ്രൂപ്പുകാരെ അവഗണിച്ച് പ്രസിഡന്റ് നടപ്പിലാക്കുന്നുവെന്നായിരുന്നു എതിർ പക്ഷത്തിന്റെ ആരോപണം.
മുൻ നിയോജക മണ്ഡലം പ്രസിഡൻറു മാരടക്കമുള്ളവർ എതിർപ്പ് ഉയർത്തിയിട്ടും ജില്ലാ , സംസ്ഥാന നേതാക്കൾ മൗനം പാലിക്കുകയാണന്നാണ് എതിർപക്ഷം പറയുന്നത്.
നിലവിൽ നിയോജക മണ്ഡലത്തിൽ വാർഡ് തല, മണ്ഡലം തല പ്രവർത്തനങ്ങൾ വരെ നിർജീവമായിട്ടും ജില്ലാ, സംസ്ഥാന നേതൃത്വത്തെ സമീപിച്ചിട്ടും നീതി ലഭിക്കാത്ത സാഹചര്യത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ വിമത പക്ഷം നിർജീവമായാണ് നിലകൊണ്ടത്. 2016ലെ നിയമസഭാ തെരെഞ്ഞെടുപ്പിൽ എൻ ഡി എ സ്ഥാനാർത്ഥി 12926
വോട്ടുകൾ നേടിയിരുന്നു. 20 21 ൽ എൻ ഡി എ സ്ഥാനാർത്ഥിക്ക് ലഭിച്ചത് 4636 വോട്ടാണ്.
തങ്ങളുടെ പ്രതിഷേധ നിലപാടിനൊപ്പമാണ് കോതമംഗലത്തെ ബി ജെ പി അണികളെന്നും അതിനു തെളിവാണ് തെരഞ്ഞെടുപ്പു ഫലം തെളിയിക്കുന്നതെന്നു മാണ് വിമത പക്ഷത്തിന്റെ അവകാശ വാദം.
