- ജെറിൽ ജോസ് കോട്ടപ്പടി
കോതമംഗലം: ഭൂതത്താൻകെട്ട്- വടാട്ടുപാറ റോഡിൽ രണ്ട് വർഷം മുൻപ് എം.എൽ.എ. ഫണ്ട് ഉപയോഗിച്ച് 24 ലക്ഷത്തിന്റെ വെളിച്ചം പദ്ധതിയിൽ പ്രത്യേക ലൈൻ വലിച്ച് 128 എൽ.ഇ.ഡി. വിളക്കുകൾ സ്ഥാപിച്ചതിൽ പലതും തെളിയുന്നില്ല. ഭൂതത്താൻകെട്ട് മുതൽ വടാട്ടുപാറ മീരാസിറ്റി വരെയുള്ള വനപാതയിലാണ് ലൈൻ വലിച്ച് വിളക്കുകളിട്ടത്. ഇതിൽ പത്തോളം വിളക്ക് മാത്രമേ പ്രകാശിക്കുന്നുള്ളൂ. ബാക്കിയുള്ളവ കേടായിട്ട് ഒരു വർഷത്തിലേറെയായി. വനപാതയിലൂടെയുള്ള വഴിവിളക്കുകൾ തെളിയാത്തത് യാത്രക്കാർക്ക് ഭീഷണിയാണ്. റോഡിൽ ആന ഉൾപ്പെടെയുള്ള വന്യജീവികളുടെ സാന്നിദ്ധ്യം യാത്രക്കാർക്ക് കടുത്തഭീഷണി സൃഷ്ടിച്ചപ്പോഴാണ് വിളക്കുകൾ സ്ഥാപിച്ചത്. വേനലായതോടെ റോഡിൽ ആനകളുടെ സാന്നിദ്ധ്യം കൂടിവരുകയാണ്.
പുലിയും മ്ലാവും കാട്ടുപോത്തും ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുള്ളതിനാൽ രാത്രിയാത്ര അപകടകരമാണ്. സന്ധ്യ കഴിഞ്ഞാൽ റോഡിലും സമീപത്തും വന്യജീവികളെ കാണാം. ഇവ റോഡ് കുറുകെ കടന്ന് പോകുമ്പോൾ വഴിവിളക്കിന്റെ അഭാവത്തിൽ ശ്രദ്ധയിൽപ്പെടില്ല. വഴിവിളക്കുകൾ തെളിഞ്ഞാൽ വന്യമൃഗങ്ങളുടെ സാന്നിദ്ധ്യം ഒരുപരിധി വരെ തിരിച്ചറിയാനാവുമെന്ന് പ്രദേശവാസികൾ വ്യക്തമാക്കി .
ആനശല്യം പൊറുതിമുട്ടിയപ്പോൾ ഏതാനും വർഷം മുൻപ് രണ്ട് തവണയായി സ്ഥാപിച്ച സോളാർ വിളക്ക് കേടായതോടെ ഉപേക്ഷിച്ചു. ഓരോ വിളക്കിനും 25000 രൂപ വീതമാണ് ചെലവായത്. യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതിന് പുറമേ ബാറ്ററി മോഷണവും കൂടിയായതോടെ സോളാർ വിളക്ക് തൂണുകൾ നോക്കുകുത്തിയായി. മൂന്ന് ഘട്ടമായി പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തുമെല്ലാം ഇത്തരത്തിൽ സോളാർ വിളക്ക് സ്ഥാപിച്ച് ലക്ഷങ്ങൾ പാഴാക്കിയതിനു ശേഷം പ്രത്യേക ലൈൻ വലിച്ച് വിളക്കിട്ടതും പ്രയോജനമില്ലാതായി. അതത് കാലത്തെ ഭരണസമിതിക്ക് പുതിയവ സ്ഥാപിക്കാനാണ് താത്പര്യമെന്ന ആക്ഷേപവും ഉയർന്നുവരുന്നുണ്ട്.