NEWS
മൂന്നാര്‍ ടൂറിസ്റ്റ് കേന്ദ്രത്തിന്റെ കവാടമായ കോതമംഗലത്ത് വൻ വികസനപ്രവർത്തങ്ങളുമായി ബാംബൂ കോര്പ്പറേഷന്; തൊഴില്‍ നൈപുണ്യ കേന്ദ്രത്തിന്റെ ശിലാസ്ഥാപനം നടന്നു.

കോതമംഗലം: സംസ്ഥാന ബാംബൂ കോര്പ്പറേഷന് കോഴിപ്പിള്ളിയില്‍ നിര്‍മിക്കുന്ന തൊഴില്‍ നൈപുണ്യ കേന്ദ്രത്തിന്റെ (ഇന്കുബുലേഷന് സെന്റര്‍) ശിലാസ്ഥാപനം മന്ത്രി പി രാജീവ് ഓണ്‍ലൈനില്‍ നിര്‍വഹിച്ചു. തൊഴില്‍ നൈപുണ്യ പരിശീലനം നേടിയവര്‍ക്കുള്ള ടൂള്‍കിറ്റ് വിതരണം നഗരസഭ ചെയര്മാന് കെ.കെ. ടോമി നിര്‍വഹിച്ചു. ആന്റണി ജോണ്‍ എം.എല്‍.എ. അധ്യക്ഷനായി. ബാംബൂ കോര്പ്പറേഷന് മാനേജിംഗ് ഡയറക്ടര്‍ എം.എം. അബ്ദുള്‍ റഷീദ്, ഡോ. ജോയ് എം. പോള്‍, കെ.ജെ. ജേക്കബ്ബ്, ടി.പി. ദേവസിക്കുട്ടി, സി.വി. ശശി എന്നിവര്‍ പ്രസംഗിച്ചു.
ഒരു കോടി രൂപ ചിലവിൽ മൂന്നുനിലകളിലായി 3000ചതുരശ്ര അടിയില്‍ നിര്‍മിക്കുന്ന കെട്ടിടത്തില്‍ ബാംബൂ കോര്പ്പറേഷന് ഓഫീസ്, ഷോറൂം, തൊഴില്‍ നൈപുണ്യകേന്ദ്രം, ട്രെയിനിംഗ് സെന്റര്‍ എന്നിവ പ്രവര്‍ത്തിക്കും.
ബാംബൂ മേഖലയില്‍ തൊഴിലെടുക്കുന്ന പരമ്പരാഗത ഈറ്റ വെട്ട്, പനമ്പ് നെയ്ത്ത് തൊഴിലാളികളുടെ ക്ഷേമത്തിനായി 1971 ല്‍ സ്ഥാപിതമായതാണ് കേരള സംസ്ഥാന ബാംബൂ കോര്പ്പറേഷന്. കോര്‍പ്പറേഷന്റെ വികസനത്തിന് ആവശ്യമായി കഴിഞ്ഞ സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ 2018-19 ല്‍ സംസ്ഥാന ബംബൂ മിഷന് വഴി നാഷണല്‍ ബാംബൂ മിഷന് 11 പ്രോജക്ടുകള്‍ സമര്‍പ്പിക്കുകയുണ്ടായി. ഈ മേഖലയിലെ കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി നാഷണല്‍ ബാംബൂ മിഷന് 11 പ്രോജക്ടുകളും അംഗീകരിക്കുകയും ഉണ്ടായി. ഇതിന്റെ ഭാഗമായി ഇപ്പോള്‍ തന്നെ കുമരകത്ത് ഒരു ബാംബൂ ഷോറൂമും, നാദാപുരത്ത് ചന്ദനത്തിരി സ്റ്റിക്കും ഉണ്ടാക്കുന്ന പദ്ധതി, 3 യന്ത്രവല്‍കൃത പനമ്പ് നെയ്ത്ത് കേന്ദ്രങ്ങള്‍ മുതലായവ കഴിഞ്ഞ സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ ഉദ്ഘാടനം ചെയ്തു കഴിഞ്ഞിട്ടുള്ളതാണ്.
സര്‍ക്കാരില്‍ നിന്നും ഇതിനു ആവശ്യമായ തുക ലഭിച്ചുവരുന്നേയുള്ളു. ഇതിന്റെ ഭാഗമായി കേരളത്തില്‍ 588 ഹെക്ടര്‍ സ്ഥലത്ത് മുള വച്ചുപിടിപ്പിക്കാനും കോതമംഗലത്തും, കോഴിക്കോടും ബാംബൂ തൊഴില്‍ നൈപുണ്യകേന്ദ്രങ്ങള്‍ സ്ഥാപിക്കാനും, മൂന്നാറിലും, മാനന്തവാടിയിലും , തേക്കടിയിലും ബാംബൂ ഷോറൂമുകള്‍ നിര്‍മ്മിക്കുവാനുള്ള പദ്ധതിയും പുരോഗമിച്ചുവരുകയാണ്. ഇതില്‍ കോതമംഗലത്ത് ബാംബൂ ഇന്‍ കുബുലേഷന് സെന്റര്‍ (തൊഴില്‍ നൈപുണ്യ കേന്ദ്രം) ശിലാസ്ഥാപനം 2021 ആഗസ്റ്റ് 17-ം തീയതി ഉച്ചയ്ക്ക് 2.30 മണിയ്ക്ക് ബഹുമാനപ്പെട്ട വ്യവസായ, നിയമ വകുപ്പ് മന്ത്രി ശ്രീ.പി രാജീവ് ഓണ്‍ലൈനിലൂടെ നിര്‍വ്വഹിച്ചത്.
കോതമംഗലത്ത് ഈ തൊഴില്‍ നൈപുണ്യ കേന്ദ്രം ബാംബൂ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് നിര്‍മ്മിക്കുന്നത്. 3 നിലകളിലായി നിര്‍മ്മിക്കുന്ന ഈ കോര്‍പ്പറേഷന്റെ വിസ്തൃതി 3000 സ്ക്വയര്‍ ഫീറ്റാണ്. ഇതില്‍ താഴത്തെ നിലയില്‍ ബാംബൂ കോര്‍പ്പറേഷന്റെ ഓഫീസും, ഷോറൂമും, ഒന്നാമത്തെ നിലയില്‍ തൊഴില്‍ നൈപുണ്യ കേന്ദ്രവും, രണ്ടാമത്തെ നിലയില്‍ ട്രയിനിംഗ് കൊടുക്കുന്ന ആള്‍ക്കാരെ താമസിപ്പിക്കുന്നതിനുള്ള സൗകര്യവുമാണ് ഈ പദ്ധതി കൊണ്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. ഇതു കൂടാതെ ഈ പദ്ധതി മൂലം ഇടുക്കി ജില്ലയിലെ ബാംബൂ മേഖലയില്‍ പണിയെടുക്കുന്ന പരമ്പരാഗത ഈറ്റ വെട്ട്, പനമ്പ് നെയ്ത്ത് തൊഴിലാളികള്‍ക്ക് അവരുടെ ജീവനോപാധികള്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ പരിശീലനം നല്കാന് കഴിയും. ഒരു കോടിയാണ് ഈ പദ്ധതി വിഹിതം. അതില്‍ 60% കേന്ദ്ര ഗവണമെന്റിന്റെയും, 40% കേരള ഗവണ്മെന്റിന്റെയും വിഹിതമാണ്. ഇതു മൂലം ബാംബൂ മേഖലയിലെ തൊഴിലാളികള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
മൂന്നാര്‍ ടൂറിസ്റ്റ് കേന്ദ്രത്തിന്റെ കവാടമായ കോതമംഗലത്ത് നമ്മള് ഇതിലൂടെ നിര്‍മ്മിക്കുന്ന ബാംബൂ ബസാറിലൂടെ ഈ ഉല്പന്നങ്ങള്ക്ക് വിനോദസഞ്ചാരികളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ കഴിയുമെന്നും വിവിധ രാജ്യങ്ങളിലേയ്ക്ക് ബാംബൂ ഉല്പന്നങ്ങള് കയറ്റുമതി ചെയ്യുവാനുള്ള അവസരവും തുറക്കപ്പെടുകയാണ്. നാളിതുവരെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഈ മേഖലയിലെ തൊഴിലാളികള്‍ക്ക് വേണ്ടി പട്ടികജാതി വകുപ്പിന്റെ ഭാഗമായി ബാംബൂ കോര്പ്പറേഷന് തൊഴില്‍ നൈപുണ്യപരിശീലനം നല്കുകയുണ്ടായി. വിജയകരമായിരുന്ന ഈ പ്രവര്‍ത്തനത്തിന്റെ സര്‍ട്ടിഫിക്കറ്റും , ടൂള്‍ കിറ്റും ഈ അവസരത്തില്‍ ബഹുമാനപ്പെട്ട എം.പി ശ്രീ.ഡീന്‍ കുര്യാക്കോസ് നിര്‍വ്വഹിക്കുന്നതാണ്. ഇതിന്റെ തുടര്‍ച്ചയായി ഇനിയും തൊഴില്‍ നൈപുണ്യ പരിശീലനങ്ങള്‍ ബാംബൂ കോര്‍പ്പറേഷന്റെ കോതമംഗലത്തുള്ള തൊഴില്‍ നൈപുണ്യകേന്ദ്രം വഴി നല്കാന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
വിനോദ സഞ്ചാര മേഖലയില്‍ ബാംബൂ ഉപയോഗിച്ച് ധാരാളം പരിസ്ഥിതി സൗഹാര്‍ദ്ദ നിര്‍മ്മിതികള്‍ ഇന്‍ഡ്യയിലുടനീളം നടന്നുവരുന്നുണ്ട്. ഈ നിര്‍മ്മാണ പ്രക്രിയയില്‍ ബാംബൂ കോര്പ്പറേഷന് പല നിര്‍മ്മിതികളും നിര്‍മ്മിച്ച് ഫോറസ്റ്റ് ഡിപ്പാര്‍ട്ടുമെന്റിനും, വിനോദ സഞ്ചാര വകുപ്പിനും നല്കാന് കഴിഞ്ഞിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ ഗവേഷണങ്ങള്‍ ചെയ്യേണ്ടത് അത്യാവശ്യമാണ്. ബാംബൂ മേഖലയില്‍ ധാരാളം സ്റ്റാര്‍ട്ടപ്പുകള്‍ കേരളത്തിലുടനീളം തുടങ്ങുവാനും, ഗവേഷണത്തിന് കോതമംഗലത്ത് വര്‍ഷങ്ങളായി ധാരാളം വിദഗ്ധരായ എഞ്ചിനീയര്‍മാരെയും , സാങ്കേതിക വിദഗ്ധരെയും സൃഷ്ടിച്ച എം.എ കോളേജ് ഓഫ് എഞ്ചിനീയറിംഗിന്റെ സിവില്‍ ഡിപ്പാര്‍ട്ട്മെന്റുമായി ഈ അവസരത്തില്‍ ധാരണാപത്രം ഒപ്പുവയ്ക്കുന്നതിന് ബാംബൂ കോര്പ്പറേഷന് മാനേജിംഗ് ഡയറക്ടര്‍ ശ്രി.എ.എം അബ്ദുള്‍ റഷീദ് , എം.എ കോളേജ് ഓഫ് സിവില്‍ ഡിപ്പാര്‍ട്ട്മെന്റ് ഹെഡായ ഡോ.ജോയ്.എം.പോള്‍ ഉം ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു.
NEWS
വിവാഹത്തിൽ പങ്കെടുക്കാൻ കൂട്ട അവധി; കോതമംഗലം സിവിൽ സ്റ്റേഷനിലെ ജീവനക്കാരുടെ നടപടി വിവാദത്തിൽ

കോതമംഗലം : സർക്കാർ ഓഫീസിൽ കൂട്ട അവധിയിൽ വലഞ്ഞ് ജനങ്ങൾ. കോതമംഗലം മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന താലൂക്ക് ഓഫീസിലേയും വില്ലേജ് ഓഫീസിലേയും ജീവനക്കാർ കൂട്ട അവധിയെടുത്തതോടെയാണ് ജനങ്ങൾ വലഞ്ഞത്. ജീവനക്കാരുടെ കൂട്ട അവധി ഓഫിസ് പ്രവർത്തനങ്ങൾ താളം തെറ്റിച്ചതായി പരാതിയിൽ പറയുന്നു. താലൂക്ക് റവന്യൂ ഉദ്യോഗസ്ഥൻ്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനു വേണ്ടിയായിരുന്നു ജീവനക്കാർ അവധിയെടുത്തത്.
താലൂക്ക് ഓഫീസിൽ മതിയായ ഉദ്യോഗസ്ഥരില്ലാതിരുന്നത് ഇന്നലെ ആവശ്യങ്ങൾക്കായെത്തിയ ആളുകൾ നിരാശയോടെ മടങ്ങുന്നതിന് കാരണമായി. 71 ജീവനക്കാരുള്ള താലൂക്ക് ഓഫീസിൽ നിന്ന് 35 ൽ പരം ജീവനക്കാരാണ് വിവാഹത്തിൽ പങ്കെടുക്കാനായി അവധിയെടുത്തത്. കൂടാതെ അഞ്ച് ജീവനക്കാരുടെ കുറവും ഓഫീസിലുണ്ടായിരുന്നു. ആകെ 27 പേരാണ് താലൂക്ക് ഓഫീസിൽ ഹാജരായത്.
കൂടാതെ കളക്ടറുടെ അനുമതിയോടെയാണ് ജീവനക്കാർ അവധിയെടുത്തതെന്നും തഹസിൽദാർ റേച്ചൽ കെ വർഗീസ് വിശദീകരിച്ചു. ഒപ്പം ഓഫീസ് സേവനങ്ങൾക്ക് തടസ്സം വരാത്ത രീതിയിൽ ക്രമീകരണം ഏർപ്പെടുത്തിയിരുന്നതായും തഹസിൽദാർ പറഞ്ഞു. എന്നാൽ ഇത്രയധികം ജീവനക്കാർ കൂട്ട അവധിയെടുത്തത് വിവാദത്തിന് വഴിവെച്ചു. കൂട്ട അവധിയെടുത്തതിന് ഉദ്യോഗസ്ഥരോട് മേലുദ്യോഗസ്ഥൻ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
NEWS
നവീകരിച്ച പാലമറ്റം – കൂവപ്പാറ റോഡ് ഉദ്ഘാടനം ചെയ്തു.

കോതമംഗലം : ജില്ലാ പഞ്ചായത്തിന്റെ 20 ലക്ഷം രൂപ അനുവദിച്ച് നിർമ്മാണം പൂർത്തീകരിച്ച കീരംപാറ പഞ്ചായത്ത് ആറാം വാർഡിലെ പാലമറ്റം – കൂവപ്പാറ കോളനി റോഡ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് മാമച്ചൻ ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ റോഡിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ കെ കെ ദാനി,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന റോജോ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോമി തെക്കേക്കര,പഞ്ചായത്ത് മെമ്പർമാരായ വി സി ചാക്കോ,ഷാന്റി ജോസ്,സിനി ബിജു,ജിജോ ആന്റണി,മഞ്ചു സാബു,ബേസിൽ ബേബി,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ,പ്രദേശവാസികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
NEWS
മിനി റൈസ് മില്ലിന്റെയും കാർഷികോല്പന്ന വിപണന ശാലയുടെയും പാക്ക് ഹൗസിന്റെയും ഉദ്ഘാടനം നടത്തി.

കോതമംഗലം : കര്‍ഷകര്‍ ഉല്പാദിപ്പിക്കുന്ന നെല്ല് പ്രാദേശികമായി സ്ഥാപിച്ചിട്ടുള്ള ചെറുകിട – ആധുനിക റൈസ് മില്ലുകളില്‍ പുഴുങ്ങി – ഉണങ്ങി – കുത്തി അരിയാക്കുക വഴി കര്‍ഷകര്‍ക്ക് അധ്വാന ലാഭവും ഇപ്രകാരം ഉണ്ടാക്കുന്ന അരി ബ്രാന്‍ഡ് ചെയ്ത് വിപണനം നടത്തുക വഴി കര്‍ഷകര്‍ക്ക് അധിക വരുമാനവും ഒപ്പം ഉപഭോക്താക്കൾക്ക് ഗുണമേന്മയും ഉറപ്പുവരുത്തുകയും ഇതിലൂടെ നെല്‍കൃഷി മേഖലയ്ക്ക് പുത്തന്‍ ഊര്‍ജ്ജം പകരുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാരിന് കീഴില്‍ ദേശീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ എറണാകുളം കൃഷിവിജ്ഞാന കേന്ദ്രം പ്രൊജക്ടായി പെരിയാര്‍വാലി സ്പൈസസ് കര്‍ഷക ഉല്പാദന കമ്പനിയുടെ നേതൃത്വത്തില്‍ കീരംപാറയില്‍ സ്ഥാപിച്ചിട്ടുളള മിനി റൈസ് മില്ലിന്റെ പ്രവർത്തനോദ്ഘാടനവും ബ്രാന്‍ഡ് ചെയ്ത അരിയുടെ വിപണനോദ്ഘാടനവും നടത്തി.ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.അരിയ്ക്ക് പുറമെ പ്രദേശത്തെ കര്‍ഷകരുടെയും മറ്റ് കര്‍ഷക ഉത്പാദക കമ്പനികളുടെയും ഗുണമേന്മയുള്ള വിവിധ കാര്ഷികോല്പന്നങ്ങര് കൂടി ലഭ്യമാക്കാൻ വേണ്ടി കൃഷിവകുഷ് എം ഐ ഡി എച്ച് സ്റ്റേറ്റ് ഫോര്‍ട്ടികൾച്ചർ മിഷന്റെ സഹായത്തോടെ ആരംഭിക്കുന്ന പഴം/പച്ചക്കറി പാക്ക് ഹൗസിന്റെയും വിപണനശാലയുടെയും ഉദ്ഘാടനം നടത്തി.പെരിയാർവാലി സ്പൈസസ് ഫാർമർ പ്രൊഡ്യൂസർ കമ്പനി മാനേജ് ഡയറക്ടർ റ്റി കെ ജോസഫ് അധ്യക്ഷത വഹിച്ചു.
എറണാകുളം കെ വി കെ പ്രിൻസിപ്പാൾ സയന്റിസ്റ്റ് & ഹെഡ് ഡോക്ടർ ഷിനോജ് സുബ്രമണ്യം പദ്ധതി വിശദീകരണം നടത്തി.എറണാകുളം ഹോർട്ടികൾച്ചർ മിഷൻ ഡപ്യൂട്ടി ഡയറക്ടർ ബിൻസി എബ്രഹാം പഴം/പച്ചക്കറി പാക്ക് ഹൗസ് പദ്ധതി വിശദീകരണം ചെയ്തു.കീരംപാറ സർവ്വീസ് സഹകരണ ബാങ്കിന് സമീപം(ഊഞ്ഞാപ്പാറ) നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് മാമച്ചൻ ജോസഫ്,ജില്ലാ പഞ്ചായത്ത് മെമ്പർ റാണിക്കുട്ടി ജോർജ്ജ്,വാർഡ് മെമ്പർ വി കെ വർഗീസ്,എ ഡി എ സിന്ധു വി പി,കോതമംഗലം അഗ്രികൾച്ചർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി സി ഇ ഓ സുനിൽ സിറിയക്,എറണാകുളം കെ വി കെ പുഷ്പരാജ് ആഞ്ചലോസ്,കൃഷി ഓഫീസർ ബോസ് മത്തായി എന്നിവർ പങ്കെടുത്തു.ജില്ലാ പഞ്ചായത്ത് മെമ്പർ കെ കെ ദാനി സ്വാഗതവും പെരിയാർവാലി സ്പൈസസ് എഫ് പി സി സി ഇ ഓ സന്തോഷ് തോമസ് നന്ദിയും പറഞ്ഞു.
-
CRIME1 week ago
പരീക്കണ്ണിപ്പുഴയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.
-
CRIME3 days ago
കോതമംഗലത്ത് വൻ ഹെറോയിൻ വേട്ട
-
CRIME1 week ago
വനത്തിൽ നിന്നും ഉടുമ്പിനെ പിടികൂടി കറിവെച്ച് കഴിച്ച കേസിൽ നാലുപേരെ വനപാലകർ അറസ്റ്റ് ചെയ്തു
-
ACCIDENT7 days ago
പത്രിപ്പൂ പറക്കാൻ പോയ യുവാവ് മരത്തിൽ നിന്ന് വീണ് മരിച്ചു.
-
CRIME3 days ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി.
-
AGRICULTURE5 days ago
ഒരു തട്ടേക്കാടൻ തണ്ണിമത്തൻ വിജയഗാഥ; വിളവെടുത്തത് 12 ടണ്ണിൽ പരം കിരൺ തണ്ണിമത്തൻ,പാകമായി കിടക്കുന്നത് 15 ടണ്ണിൽ പരം
-
Business1 week ago
സൗഖ്യ ഹോംസിലൂടെ നേടാം നവോന്മേഷം; യൂറോപ്യൻ മാതൃകയിൽ റിട്ടയർമെന്റ് ജീവിതം ആഗ്രഹിക്കുന്നവർക്കായി കോതമംഗലത്ത് ഒരു സ്വർഗ്ഗീയഭവനം
-
AGRICULTURE3 days ago
പിണ്ടിമനയിലും തണ്ണീർമത്തൻ വസന്തം