കോതമംഗലം : കോതമംഗലത്തിന് അവാർഡിൻ്റെ പൊൻതിളക്കം. പച്ചക്കറി വിഭാഗത്തിൽ അഞ്ച് അവാർഡുകളും , വിജ്ഞാന വ്യാപന വിഭാഗത്തിൽ ഒന്നും ചേർത്ത് ആറ് ജില്ലാതല അവാർഡുകളാണ് കോതമംഗലത്തിനു ലഭിച്ചത്. ജില്ലാതലത്തിൽ മികച്ച കൃഷി ഓഫീസർക്കുള്ള ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ അഞ്ചാം സ്ഥാനവുമാണ് വിജ്ഞാന വ്യാപന വിഭാഗത്തിൽ വാരപ്പെട്ടി കൃഷി ഓഫീസറായ എം. എൻ രാജേന്ദ്രൻ കരസ്ഥമാക്കിയത്. പദ്ധതി നിർവ്വഹണത്തോടൊപ്പം, നൂതന ആശയങ്ങൾ ആവിഷ്കരിച്ചു നടത്തുക, കാർഷിക പദ്ധതികൾ ജനകീയമായി നടപ്പിലാക്കുക, സുഭിക്ഷ കേരളം തരിശു രഹിത പ്രവർത്തനങ്ങൾ, തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് രാജേന്ദ്രൻ അവാർഡിന് അർഹനായത്.
പച്ചക്കറി വിഭാഗത്തിൽ മികച്ച പൊതുമേഖലാ സ്ഥാപനത്തിന് പോത്താനിക്കാട് പോലീസ് സ്റ്റേഷൻ (രണ്ടാം സ്ഥാനം) , മികച്ച കർഷകനായി പൈങ്ങോട്ടൂരിലെ സെബാസ്റ്റ്യൻ ജോസഫ്, പാണനാൽ ( രണ്ടാം സ്ഥാനം), ഓണത്തിന് ഒരു മുറം പച്ചക്കറി ഇനത്തിൽ സാറാമ്മ ജോർജ്, കളരിക്കൽ വീട്, പോത്താനിക്കാട് ( മൂന്നാം സ്ഥാനം), മികച്ച കൃഷി ഓഫീസറായി സൂസൻ ലീ തോമസ് (പോത്താനിക്കാട് മുൻ കൃഷി ഓഫീസർ ), പച്ചക്കറി കൃഷിയിൽ മികച്ച സ്വകാര്യ മേഖലാ സ്ഥാപനമായി പോത്താനിക്കാട് ഹോളി ഏഞ്ചൽസ് പബ്ലിക് സ്കൂൾ ( മൂന്നാം സ്ഥാനം) കരസ്ഥമാക്കി. തിരുവാണിയൂർ പഞ്ചായത്തിൽ ചൊവ്വാഴ്ച നടന്ന ചടങ്ങ് കുന്നത്തുനാട് എം.എൽ.എ ശ്രീ. വി.പി സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു.