കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ കൂട്ടിക്കുളം പാലം യഥാർത്ഥ്യമായി.ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.
എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 46 ലക്ഷം രൂപ ചിലവഴിച്ചാണ് കൂട്ടിക്കുളം പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിർമ്മാണം പൂർത്തീകരിച്ചത്.
ഇടുക്കി – എറണാകുളം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കുട്ടമ്പുഴ മാമലക്കണ്ടം വഴി കടന്നുപോകുന്ന പ്രധാന പാതയിലെ പാലമാണ് തുടർച്ചയായ കാല വർഷകെടുതിയെ തുടർന്ന് തകർച്ചയിലായത് .നന്നേ വീതി കുറഞ്ഞതും ഇടുങ്ങിയതുമായ പാലമായിരുന്നു ഇവിടെ ഉണ്ടായിരുന്നത് . മാത്രമല്ല ശക്തമായ മഴയത്ത് വെള്ളം ക്രമാതീതമായി ഉയരുന്നതുമൂലം പാലത്തിലൂടെയുള്ള യാത്ര പലപ്പോഴും മുടങ്ങുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്.തുടർച്ചയായ വെള്ള പൊക്ക ഭീഷണി നിലനിൽക്കുന്നതിനാൽ ആവിശ്യമായ ഉയരം കൂട്ടിയാണ് പാലത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത് .ഉയരം കൂട്ടി നിർമിച്ചതിനാൽ തന്നെ രണ്ടു വശത്തേക്കും ദൈർഘ്യമേറിയ അപ്പ്രോച്ച് റോഡും ആവശ്യമായി വന്നു.
എറണാകുളം- ഇടുക്കി ജില്ലാ അതിർത്തിയിലുള്ള ജനങ്ങൾക്ക് യാത്രയ്ക്കും,പ്രദേശത്തിന്റെ
ടൂറിസം വികസനത്തിനുമെല്ലാം ഏറെ സാധ്യത നൽകുന്ന പാലമാണ് ഇപ്പോൾ യാഥാർത്ഥ്യമായിട്ടുള്ളത് . ഉദ്ഘാടന ചടങ്ങിൽ കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കെ ഗോപി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സൽമ പരീത്, വാർഡ് മെമ്പർമ്മാരായ ശ്രീജ ബിജു, മേരി കുര്യാക്കോസ്,ബിൻസി മോഹൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് പി എൻ കുഞ്ഞുമോൻ, ആരോമൽ എം എസ് എന്നിവർ സംസാരിച്ചു.
