കോതമംഗലം : കീരമ്പാറ പഞ്ചായത്തിലെ കൊണ്ടിമറ്റം പ്രദേശത്ത് 611 മലയിൽ നിന്നുള്ള വെള്ളവും, മണ്ണിടിഞ്ഞതും മൂലം വെളിയിൽച്ചാൽ റോഡിൽ ഗതാഗതം താറുമാറായി.
611 മലയിൽ മണ്ണിടിച്ചിൽ സാധ്യത ഉള്ള പ്രദേശത്ത് പാറ മട തുടങ്ങുവാനുള്ള നീക്കം തടയാണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് 611 മല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവർക്ക് നിരവധി തവണ നിവേദനങ്ങളും, ഹൈ കോടതിയിൽ കേസും നൽകിയിരുന്നു.
ഇത് നിലനിൽക്കെ ഈ പ്രദേശത്ത് ഉള്ള മരങ്ങൾ മുറിച്ചു മാറ്റുവാൻ സ്ഥലം ഉടമക്ക് അനുമതി നൽകുകയും, ഹിറ്റാച്ചി ഉപയോഗിച്ച് വഴി വെട്ടി കഴിഞ്ഞ ഒന്നര മാസമായി പണി ചെയ്യുകയും ചെയ്തു. ഇതിനെതിരെ പരാതിപെട്ടിട്ട് അധികൃതർ മൗനം പാലിക്കുകയാണ് ഉണ്ടായത്.
ഇന്നലെ മുതൽ ഈ പ്രദേശത്ത് പെയ്യുന്ന കനത്ത മഴയിൽ മണ്ണ് ഒലിച്ചു വന്ന് റോഡിൽ ഗതാഗത തടസം ഉണ്ടായിരിക്കുകയാണ്. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ളവർക്ക് ഭീഷണി യായി മാറിയിരിക്കുന്നു. കാനകൾ വൃത്തിയക്കാത്തത് മൂലം മലവെള്ളം റോഡിലൂടെ ഒഴുകുന്നു.
സമീപ പ്രദേശത്തുള്ള ജനങ്ങളുടെ ജീവനും, സ്വത്തിനും അടിയന്തിരമായി ഇടപെട്ടുകൊണ്ട് സംരക്ഷണം നൽകണമെന്ന് 611 മല സംരക്ഷണ സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.