നേര്യമംഗലം: കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ ചീയപ്പാറയ്ക്കു സമീപം സംരക്ഷണ ഭിത്തിക്കു പിന്നാലെ റോഡും ഇടിയുന്നു. വനമേഖലയിൽ മഴ കനത്തതാണ് റോഡും അതിവേഗം ഇടിയാൻ കാരണമായിരിക്കുന്നത്. ദേശീയപാതാ അധികൃതരുടെ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ ഇതുവഴിയുള്ള ഗതാഗതം നിലയ്ക്കുന്ന സാഹചര്യമാണുള്ളത്. ഒരു വർഷം മുൻപ്, പാതയിൽ വീതി കുറവുള്ള ഭാഗത്താണ് പതിറ്റാണ്ടുകൾ പഴക്കമുള്ള സംരക്ഷണ ഭിത്തി തകർച്ചയിലായത്. ഫില്ലിങ് സൈഡ് 500 അടിയിലേറെ ആഴമുള്ള കൊക്കയാണ്.
അറ്റകുറ്റപ്പണികൾക്ക് അധികൃതർ കൂട്ടാക്കാത്ത സാഹചര്യത്തിൽ അടുത്ത നാളിൽ കൂടുതൽ ദൂരത്തിൽ സംരക്ഷണ ഭിത്തി ഇടിഞ്ഞു. ഇതോടെ ഇതുവഴിയുള്ള സുഗമമായ ഗതാഗതം തടസ്സപ്പെട്ടു. തുടർന്ന് അധികൃതർ ഗതാഗതം ഒറ്റ വരിയായി ക്രമീകരിച്ചതല്ലാതെ ശാശ്വത പരിഹാരത്തിനു നടപടി സ്വീകരിച്ചില്ല. കഴിഞ്ഞ 2 ആഴ്ചയായി വനമേഖലയിൽ മഴ ശക്തമായതോടെയാണ് സംരക്ഷണഭിത്തിക്കു പിന്നാലെ ടാറിങ് റോഡും ഇടിയാൻ തുടങ്ങിയത്. മഴ തുടർന്നാൽ അധികം വൈകാതെ ഇതു വഴിയുള്ള ഗതാഗതം നിലയ്ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതോടെ ദേശീയപാത വഴി അടിമാലി, മൂന്നാർ ഭാഗത്തേക്കുള്ള ഗതാഗതം പൂർണമായി നിലയ്ക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.