കോതമംഗലം :- ഇന്ന് പുലർച്ചെ കാട്ടാനക്കൂട്ടം പുന്നേക്കാട് ടൗണിലെത്തി; കാട്ടാനകളിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് പ്രദേശവാസികൾ. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് മൂന്നോളം ആനകൾ കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് ടൗണിനു സമീപം എത്തിയത്. പുന്നേക്കാട് – തട്ടേക്കാട് റോഡിൽ ഏറെ നേരം തമ്പടിച്ച കാട്ടാനക്കൂട്ടം റോഡിനോടു ചേർന്നുള്ള പുരയിടത്തിലെ വാഴകൾ മറിച്ചിട്ട് നശിപ്പിച്ചു. പ്ലാൻ്റേഷനിൽ നിന്ന പനകളും ദാസിൻ്റെ തെങ്ങും ആനകൾ നശിപ്പിച്ചിട്ടുണ്ട്.
ഏതാനും ദിവസം മുമ്പാണ് പട്ടാപ്പകൽ രണ്ട് കൊമ്പൻമാർ പുന്നേക്കാട് – തട്ടേക്കാട് റോഡ് വട്ടം കടന്ന് പോയതിൻ്റെ ദൃശ്യം പുറത്തു വന്നത്. ഇന്ന് ആനയിറങ്ങിയതിൻ്റെ രാത്രി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.
പുന്നേക്കാട് ടൗണു വരെ ആനകൾ എത്തിയതോടെ പ്രദേശവാസികൾ കടുത്ത ഭീതിയിലാണ്. ഒരിക്കൽ നാട്ടിലിറങ്ങി കാർഷിക വിളകൾ തിന്നു മടങ്ങുന്ന ആനകൾ തുടർന്നുള്ള ദിവസങ്ങളിലും ഇവിടെ എത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല. രാത്രിയെത്തിയ ആനകൾ പകലും എത്തുമോ എന്ന ആശങ്കയും പ്രദേശവാസികൾക്കുണ്ട്.
രണ്ടു വർഷമായി ഈ ഭാഗങ്ങളിൽ കാട്ടാന ശല്യം ഉണ്ടെങ്കിലും പുന്നേക്കാട് ടൗണിലും ആനയെത്തിയത് നാട്ടുകാരെ പ്രകോപിതരാക്കിയിട്ടുണ്ട്. ജനവാസ മേഖലയിലിറങ്ങുന്ന ആനകളെ തടഞ്ഞ് തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ അധികൃതർ തയ്യാറാകണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെട്ടുന്നത്.