കോതമംഗലം : തട്ടേക്കാട്, കൂട്ടിക്കൽ ഭാഗത്ത് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ പശുവിനെ ഡോക്ടർ എത്തി പരിശോധന നടത്തി. കോതമംഗലം ഡിവിഷനിൽ തട്ടേക്കാട് സെക്ഷൻ പരിധിയിൽ, കീരംപാറ പഞ്ചായത്തിൽ ഒന്നാം വാർഡിൽ കൂട്ടിക്കൽ ഭാഗത്ത് താമസിക്കുന്ന ചേരമ്പാട്ട് രവിയുടെ പശുവിനെ ആണ് കാട്ടു കൊമ്പൻ ആക്രമിച്ചത്. പശുവിൻ്റെ വലതുകൈക്കുറവ് ഭാഗത്തും, വയറിനുമാണ് മുറിവേറ്റത്. ചേലമല വനത്തോട് ചേർന്നുള്ള നെടുംതള്ളിൽ എബി എന്നയാളുടെ പറമ്പിൽ പുല്ലു തിന്നാൽ കെട്ടിയിട്ട പശുവിനെ ഉച്ചക്ക് ഒന്നര മണിയോടു കൂടി കാട്ടാന കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.
രവിയുടെ ഭാര്യ തങ്കമ്മ ഓടി രക്ഷപെട്ടു. ആന ചേലമല വനഭാഗത്തേക്ക് ഓടിപ്പോവുകയായിരുന്നു. തുടർന്ന് വിവരമറിയിച്ചതിനെ തുടർന്ന് വനപാലകരും, പോലീസും സ്ഥലത്തെത്തി. ആറ് മണിയോടെ ഡോക്ടറെത്തി പശുവിനെ പരിശോധിച്ച് മരുന്ന് നൽകി.
പശുവളർത്തലാണ് തൻ്റെ ഏക വരുമാനമാർഗമെന്നും, നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും പശു ഉടമ രവി പറഞ്ഞു. ഉടമക്ക് നഷ്ടപരിഹാരം ലഭിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് തട്ടേക്കാട് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ CS ദിവാകരൻ പറഞ്ഞു. ആന പശുവിനെ കുത്തിമറിക്കുകയായിരുന്നുവെന്നും പടക്കം പൊട്ടിച്ചാണ് ആനയെ തുരത്തിയതെന്നും വാച്ചർ ജോളി പറഞ്ഞു.
