കോതമംഗലം : കോതമംഗലം നിയോജക മണ്ഡല ജനകീയ കമ്മിറ്റി യോഗം ചേർന്നു. ആന്റണി ജോൺ എം എൽ എ യുടെ അധ്യക്ഷതയിൽ കോതമംഗലം എക്സൈസ് സർക്കിൾ ഓഫിസിൽ വച്ച് നടന്ന യോഗത്തിൽ കോതമംഗലം മിനിസിപ്പൽ ചെയർമാൻ ടോമി അബ്രഹാം, ജില്ലാ പഞ്ചായത്ത് ഭൂതത്താൻകെട്ട് ഡിവിഷൻ മെമ്പർ റഷീദ സലിം,കോതമംഗലം താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ .സാം പോൾ, കോതമംഗലം ഡെപ്യൂട്ടി തഹസ്സിൽദാർ ഒ. എം. ഹസ്സൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതി നിധികൾ , ട്രേഡ് യൂണിയൻ പ്രതിനിധികൾ, സർക്കാർ വകുപ്പ് തല പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.യോഗത്തിൽ കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ രാജേഷ് ജോൺ സ്വാഗതം ആശംസിക്കുകയും 2024 ജനുവരി മുതൽ നാളിതുവരെ നടത്തിയ എൻഫോഴ്‌സ് മെന്റ് പ്രവർത്തനങ്ങൾ വിശദീകരിക്കുകയും ചെയ്തു.
എം എൽ എ നിലവിൽ ദൈനംദിന എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾക്ക് പുറമേ യുവാക്കൾക്കിടയിലുള്ള ലഹരിവസ്തുക്കളുടെ ഉപയോഗവും വിൽപ്പനയും തടയുന്നതിനും ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലും, ലേബർ ക്യാമ്പുകളിലും പരിശോധനകൾ കാര്യ ക്ഷമമായി നടത്തണമെന്നും ഓണം, കന്നി 20 ചെറിയ പള്ളി പെരുന്നാൾ എന്നിവ പ്രമാണിച്ച് ലഹരിയുടെ ഉപയോഗം തടയുന്നതിനുള്ള മുന്നൊരുക്കങ്ങൾ നടത്തണമെന്നും യോഗത്തിൽ നിർദ്ദേശം നൽകി. 2024 ആഗസ്റ്റ് 14 മുതൽ സെപ്റ്റംബർ 20 വരെ എക്സൈസ് വകുപ്പ് ഓണം പ്രമാണിച്ച് തീവ്ര സന്നാഹ കാലഘട്ടമായി നിശ്ചയിച്ചിരിക്കുന്നുവെന്നും മദ്യം മയക്കു മരുന്ന് ഉപയോഗം സംബന്ധിച്ച് വിവരങ്ങൾ 0485-2824419, 0485-2826460, 0485-2572861, 9400069579, 9400069562, 9600069578 എന്നീ നമ്പറുകളിൽ അറിയിക്കാവുന്നതാണെന്നും എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അറിയിച്ചു.