കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ കബറടങ്ങിയ പരിശുദ്ധ യൽദൊ മാർ ബസേലിയോസ് ബാവയുടെ മരണ സമയത്ത് ദിവ്യ പ്രകാശം കണ്ടതായി വിശ്വസിക്കുന്ന കൽക്കുരിശിന്റെ പെരുന്നാൾ ഇന്ന് ജന പങ്കാളിത്തം ഇല്ലാതെ കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് നടത്തി. രാവിലെ നടന്ന വി. കുർബാനക്ക് ഹൈറേഞ്ച് മേഖല അധിപൻ ഏലിയാസ് മാർ യൂലിയോസ് മെത്രാപോലിത്ത മുഖ്യ കാർമികത്വം വഹിച്ചു. വികാരി ഫാ. ജോസ് പരത്തുവയലിൽ, സഹ വികാരിമാരായ ഫാ. എൽദോസ് കാക്കനാട്ട്, ഫാ. ബേസിൽ കൊറ്റിക്കൽ, ഫാ. ബിജു അരീക്കൽ, ഫാ. എൽദോസ് കുമ്മംകോട്ടിൽ എന്നിവർ സഹ കാർമികരായി.
സഹനത്തിന്റെ മഹനീയ മാതൃകയായ വി. കുരിശിന്റെ പെരുന്നാൾ ആഘോഷിക്കുമ്പോൾ പരിശുദ്ധ സഭ മക്കളും ഈ കുരിശിന്റെ സഹനത്തോട് ചേർന്ന് നിൽക്കണമെന്ന് ഏലിയാസ് മാർ യൂലിയോസ് മെത്രാപോലിത്ത പറഞ്ഞു. കൽക്കുരിശ് പെരുന്നാൾ ദിനമായ ഇന്ന് വിശുദ്ധ കുർബാന മദ്ധ്യേ പ്രസംഗിക്കുകയായിരുന്നു മെത്രാപ്പോലീത്താ. തുടർന്ന് കൽകുരിശിലേക്ക് പ്രദിക്ഷണം നടത്തി. 2019 ഒക്ടോബർ 6 ന് രണ്ടാം കൂനംകുരിശ് സത്യ പ്രഖ്യാപനം നടത്തിയത് ഈ കൽക്കുരിശിൽ ആലാത്ത് കെട്ടിയാണ്. കോവിഡ് പ്രോട്ടോകോൾ നിയന്ത്രണത്തോടെ ബാവായുടെ വി. കബറിടം വണങ്ങാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
നാളെ മുതൽ (സെപ്റ്റംബർ 27) വി. കുർബാന നടക്കുന്ന സമയത്ത് ആരെയും പള്ളിയകത്ത് പ്രവേശിപ്പിക്കുന്നതല്ല എന്ന് പള്ളി ഭരണ സമിതി അറിയിച്ചു. പരിശുദ്ധ ബാവയുടെ തിരുശേഷിപ്പ് സ്ഥാപിച്ച കോഴിപ്പിള്ളി ചക്കാലകുടി വി. യെൽദൊ മാർ ബസേലിയോസ് ചാപ്പലിൽ സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 4 വരെ എല്ലാ ദിവസവും രാവിലെ 8 മണിക്ക് വി. കുർബാന ഉണ്ടായിരിക്കുന്നതാണ്. കൂടാതെ സെപ്റ്റംബർ 27 ഞായറാഴ്ച വൈകിട്ട് 6:30 നും വി. കുർബാന ഉണ്ടായിരിക്കുമെന്ന് വികാരി ഫാ. ജോസ് പരത്തുവയലിൽ അറിയിച്ചു. നാളെ ( സെപ്റ്റംബർ 27, ഞായറാഴ്ച ) രാവിലെ 8 മണിക്ക് മൈലാപ്പൂർ ഭദ്രാസന അധിപൻ ഐസക് മാർ ഒസ്‌താത്തിയോസ് മെത്രാപോലീത്ത വി. കുർബാന അർപ്പിക്കും. വൈകിട്ട് 6 മണിക്ക് സന്ധ്യാ പ്രാർത്ഥന നടക്കും.