കവളങ്ങാട്: പട്ടയ പ്രശ്നത്തിലും കർഷകരുടെ പ്രശ്നത്തിലും മുന്നിൽ നിന്ന നേതാവാണ് ജോയ്സ് ജോർജെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
ഇടുക്കി ലോക്സഭ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി അഡ്വ. ജോയ്സ് ജോർജിൻ്റെ തെരത്തെ
ടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി നെല്ലിമറ്റത്ത്
നടന്ന റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരതീയ സംസ്കാരത്തിനും മതനിരപേക്ഷതക്കും എതിരെ നിൽക്കുന്ന കേന്ദ്ര സർക്കാരിനെതിരായ വോട്ടെടുപ്പ് ആകും നടക്കാൻ പോവുക. പൗരത്വ ഭേദഗതി നിയമത്തിലൂടെ മതാടിസ്ഥാനത്തിൽ ഇന്ത്യയെ വിഭജിക്കാനുള്ള ശ്രമമാണ് നരേന്ദ്രമോദി നടത്തുന്നത്. ഈ നിയമത്തിനെതിരെ പ്രമേയം പാസാക്കിയ ഏക സംസ്ഥാനമാണ് കേരളം. ഭാരത സംസ്കാരത്തെ തകർക്കുന്ന സമീപനമാണ് ബിജെപി സ്വീകരിക്കുന്നത്.
കേരളത്തിന് അർഹമായ വിഹിതം കേന്ദ്രം നൽകാതിരുന്നപ്പോഴും വിദ്യാഭ്യാസ, ആരോഗ്യ മേഖലയിലടക്കം കേരളം ഏറ്റവും മുന്നിലാണ്. ബിജെപിയുടെ തെറ്റായ നയങ്ങളെ ചോദ്യം ചെയ്യാൻ ഇടുക്കിയിൽ നിന്നും ജോയ്സ് ജോർജ് പാർലമെന്റിൽ ഉണ്ടാകണമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. യോഗത്തിൽ എൽഡിഎഫ് കവളങ്ങാട് ലോക്കൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ജോയി അറമ്പൻകുടി അധ്യക്ഷനായി. കവളങ്ങാട് പഞ്ചായത്ത് പ്രസിഡൻ്റ് സിബി മാത്യു, എ എ അൻഷാദ്, പി ടി ബെന്നി, ടോമി ജോസഫ്, മനോജ് ഗോപി, ടി പി തമ്പാൻ, ഷാജി പീച്ചക്കര, ജോയി പി മാത്യു, എൻ സി ചെറിയാൻ, ടി എച്ച് നൗഷാദ്, ജിജോ പീച്ചാട്ട് തുടങ്ങിയവർ സംസാരിച്ചു. തെരഞ്ഞെടുപ്പ് കമ്മറ്റി കൺവീനർ ഷിബു പടപറമ്പത്ത് സ്വാഗതവും ട്രഷറർ ഷാൻ്റി കുര്യൻ നന്ദിയും പറഞ്ഞു.