കോതമംഗലം: കോതമംഗലത്ത് ലോട്ടറിക്കട കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. പ്രതിയെ ഇന്ന് തെളിവെടുപ്പിന് എത്തിച്ചു. പാല സ്വദേശി ഉറുമ്പിൽ ബാബു ആലിയാസ് (56) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നവംമ്പർ 12-ന് രാത്രിയാണ് കോതമംഗലം താലൂക്ക് ആശുപത്രിക്ക് സമീപമുള്ള JJ ലോട്ടറിക്കട പ്രതി കുത്തിത്തുറന്നത്. കടയുടെ പിൻ വാതി കുത്തിപ്പൊളിച്ചാണ് പ്രതി അകത്തു കടന്നത്. 80,000 രൂപയിൽപ്പരം വിലമതിക്കുന്ന 2,520 ലോട്ടറിയാണ് അന്ന് മോഷണം പോയത്. ഇതിൽ എതാനും ലോട്ടറി ടിക്കറ്റുകൾ സമ്മാനർഹമായിരുന്നു. എല്ലാ ലോട്ടറിക്കടകളിലും മോഷണം പോയ ടിക്കറ്റിൻ്റെ നമ്പർ നൽകിയിരുന്നു.
സമ്മാനർഹമായ ടിക്കറ്റ് പാലായിലെ ഒരു കടയിൽ പ്രതി മാറാൻ ചെല്ലുകയും CCTV – യിൽ ദൃശ്യം പതിയുകയും ചെയ്തിരുന്നു.ഇതിനിടയിൽ പ്രതിയെ മാറ്റൊരു കേസിൽ കാഞ്ഞിരപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്യുകയും കോതമംഗലം പോലീസ് സ്ഥലത്തെത്തി പ്രതിയെ തിരിച്ചറിയുകയുമായിരുന്നു. കൂടുതൽ പേർ മോഷണത്തിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചു വരികയാണ്. ഇൻസ്പെക്ടർ ബേസിൽ തോമസ്, സബ്ബ് ഇൻസ്പെക്ടർമാരായ ഇ.പി.ജോയി, മാഹിൻ സലിം, മാർട്ടിൻ ജോസഫ്, എസ്.സി.പി.ഒ ശ്രീജിത്ത്, സി.പി.ഒ നിജാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. മോഷണം നടന്ന കടയിൽ പ്രതിയെ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. പ്രതിയെ പിടികൂടിയതിൽ വളരെ സന്തോഷമുണ്ടെന്ന് ലോട്ടറി വിതരണക്കാരനായ ബിൻഷാദ് പറഞ്ഞു.