- ജെറിൽ ജോസ്
കോതമംഗലം: ആദിവാസികൾ സ്വന്തം ഊരു ഉപേക്ഷിച്ചു നാട്ടിലേക്ക് കുടിയേറി പാർക്കുന്നത് സർവ്വ സാധാരണമായിരിക്കുന്നു. എറണാകുളം ജില്ലയിലെ മലയോര മേഖലയായ കോതമംഗലം ബ്ലോക്ക് പഞ്ചായത്തിൽ ഏകദേശം ഇരുന്നൂറിലധികം കുടുംബങ്ങളാണ് കാടു ഉപേക്ഷിച്ച് നാട്ടിൽ സ്ഥിരതാമസമാക്കിയിരിക്കുന്നത്. അതിൽ ഏറ്റവും കൂടുതൽ ആദിവാസികൾ താമസിക്കുന്നത് കീരംപാറ പഞ്ചായത്തിലാണ്. 69 പേരാണ് നാട്ടിൽ സ്ഥിരതാമസമാക്കിയിരിക്കുന്നത്. ഏറ്റവും കുറവ് നെല്ലിക്കുഴി പഞ്ചായത്തിലും.
മെച്ചപ്പെട്ട ജീവിത സാഹചര്യം തേടിയാണ് പൂർവികരുടെ പാത വേണ്ടെന്നുവെച്ചു നാട്ടിലെ ജീവിത സാഹചര്യങ്ങളുമായി ഇണങ്ങി ജീവിക്കുന്നത്. നാട്ടിലാണെങ്കിലും പൂർവികർ കാണിച്ചുതന്ന പല മര്യാദകളും പാലിച്ചുകൊണ്ടാണ് എല്ലാവരും ജീവിക്കുന്നത്. ഊരുമൂപ്പനും ഊരു കൂട്ടങ്ങളുമെല്ലാം ഇപ്പോഴും തങ്ങളുടെ ഇടയിൽ കൂടാറുണ്ട്. കുട്ടികൾക്കെല്ലാം വളരെ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ ഉണ്ടായി.വിദ്യാഭ്യാസം നല്ല രീതിയിൽ കൊടുക്കുവാൻ സാധിച്ചു എന്നതും അവർ അഭിമാനമായി തന്നെ പറയുന്നു. നാട്ടിൽ ആണെങ്കിലും സർക്കാരിന്റെ എല്ലാവിധ ആനുകൂല്യങ്ങളും ഇവരിലേക്ക് എത്തിക്കുവാൻ സാധിക്കുന്നുണ്ടെന്ന് കോതമംഗലം ബ്ലോക്ക് എസ് ടി പ്രമോട്ടർ ആയ ശാലിനി പറഞ്ഞു.
കാടിറങ്ങുന്നവരിൽ കൂടുതൽ ഉള്ളാട സമുദായക്കാർ. പുറത്തിറങ്ങിയ കൂടുതലും പേരും ഉള്ളാട സമുദായത്തിൽ പെട്ടതാണ്. ഉള്ളാടൻമാരെ കൂടാതെ ഊരാളി, മലയർ എന്നീ വിഭാഗങ്ങളും കാടിറങ്ങി താമസിക്കുന്നുണ്ട്. തങ്ങളുടെ പഞ്ചായത്തിലും ആദിവാസികൾ സ്ഥിരതാമസമാക്കാരാണെന്ന് പലപ്പോഴും നാട്ടുകാർക്ക് അറിയില്ല. കോട്ടപ്പടി പഞ്ചായത്ത് തന്നെ 16 കുടുംബങ്ങളാണ് ആദിവാസി മേഖലയിൽ നിന്ന് കുടിയേറിപ്പാർത്തിരിക്കുന്നത്. അവരുടെ ക്ഷേമ കാര്യങ്ങൾ മുൻപന്തിയിൽ നിന്ന് തന്നെ അന്വേഷിക്കുന്നുണ്ട്. എസ്. ടി പ്രമോട്ടർക്ക് എല്ലാവിധ സൗകര്യങ്ങളും പഞ്ചായത്ത് ഒരുക്കുന്നുണ്ട് എന്ന് കോട്ടപ്പടി ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ സന്തോഷ് അയ്യപ്പൻ വെളിപ്പെടുത്തി.