കോതമംഗലം: കോതമംഗലത്ത് കര്‍ഷകന്റെ വാഴകള്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വെട്ടിമാറ്റിയ സംഭവത്തില്‍ മൂന്നര ലക്ഷം രൂപ ധനസഹായം നല്‍കാന്‍ തീരുമാനം. ചിങ്ങം ഒന്നിന് തുക കര്‍ഷകനു കൈമാറും. വൈദ്യുത-കൃഷി മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഇതിനിടെ, വാഴകള്‍ വെട്ടിമാറ്റിയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. ഓഗസ്റ്റ് നാലിനാണ് കോതമംഗലം വാരപ്പെട്ടിയില്‍ കര്‍ഷനായ തോമസിന്റെ വാഴ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ വെട്ടിമാറ്റിയത്. 220 കെ വി വൈദ്യുതി ലൈന്‍ തകരാറിലാകാന്‍ കാരണം വാഴകള്‍ക്ക് തീ പിടിച്ചതാണെന്ന് നിഗമനത്തിലായിരുന്നു കെ.എസ്.ഇ.ബിയുടെ നടപടി. തുടര്‍ന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെ ഇതേക്കുറിച്ച് അന്വേഷിക്കാന്‍ പ്രസരണ വിഭാഗം ഡയറക്ടറെ ചുമതലപ്പെടുത്തി.
കര്‍ഷകന് നഷ്ടപരിഹാരം നല്‍കണമെന്ന് കൃഷിമന്ത്രി പി പ്രസാദ് വൈദ്യുതി മന്ത്രിക്ക് കത്തു നല്‍കി. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ നടപടിയെ ന്യായീകരിക്കുന്നതാണ് അന്വേഷണ റിപ്പോര്‍ട്ട്. എങ്കിലും വിളവെടുപ്പിന് തയ്യാറായിരുന്ന വാഴകളാണ് വെട്ടിയത്, കര്‍ഷകനെ അറിയിക്കാന്‍ പറ്റിയില്ല എന്നിവയും കര്‍ഷകനുണ്ടായ സാമ്പത്തിക നഷ്ടവും കണക്കിലെടുത്ത് ഒരു പ്രത്യേക കേസായി പരിഗണിച്ച് ധനസഹായം നല്‍കാന്‍ തീരുമാനിച്ചു തുടര്‍ന്നാണ് കൃഷി മന്ത്രിയുമായി കൂടിയാലോചിച്ച് മൂന്നരലക്ഷം രൂപ നല്‍കാന്‍ തീരുമാനിച്ചത്. ചിങ്ങം ഒന്നിനോ അതിനു മുമ്പോ തുക നല്‍കാന്‍ കെ.എസ്.ഇ.ബി ചെയര്‍മാന് വൈദ്യുതി മന്ത്രി നിര്‍ദ്ദേശം നല്‍കി. ഇതിനിടെ, വാഴകള്‍ വെട്ടിമാറ്റിയതില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസടെുത്തു. 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ കെ.എസ്.ഇ.ബി ചെയര്‍മാന് നിര്‍ദ്ദേശം നല്‍കി.