കോതമംഗലം : തേഞ്ഞിപ്പലം, കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന 67-മത് ഡോ. ടോണി ദാനിയേൽ സംസ്ഥാന സീനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പുരുഷ – വനിതാ വിഭാഗത്തിൽ 240.5 പോയിന്റോടെ എറണാകുളം ജേതാക്കളായപ്പോൾ അതിൽ കോതമംഗലം എം. എ.സ്പോർട്സ് അക്കാദമിയുടെ പങ്ക് വളരെ വലുതാണ്.15 സ്വർണ്ണം,8 വെള്ളി,8 വെങ്കലം എന്നിവ നേടിയാണ് കളിക്കളത്തിൽ എം. എ. സ്പോർട്സ് അക്കാദമി തങ്ങളുടെ കായികക്കരുത്ത് അറിയിച്ചത്.
എട്ട് റെക്കോർഡുകൾ പിറന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ നാല് റെക്കോർഡുകളും മാർ അത്തനേഷ്യസ് സ്പോർട്സ് അക്കാദമി താരങ്ങളുടെ സംഭാവനയാണ്.ബിലിൻ ജോർജ് ആന്റോ 20 കിലോമീറ്റർ നടത്ത മത്സരത്തിലും, ആനന്ദ് കൃഷ്ണ കെ 1500 , 5000 മീറ്റർ എന്നീ ഇനങ്ങളിലും, ശ്രീകാന്ത് കെ ലോങ്ങ് ജംപിലും റെക്കോർഡ്കൾ നേടി. ഒളിമ്പ്യൻ കെ ടി ഇർഫാൻ 2011ൽ സ്ഥാപിച്ച റെക്കോർഡാണ് ബിലിൻ തകർത്തത്. 1മണിക്കൂർ,29മിനിറ്റ്,41.04 സെക്കൻഡിലാണ് ബിലിൻ നടത്തം പൂർത്തിയാക്കി റെക്കോർഡ് നേട്ടം കൈവരിച്ചത്. കോഴിക്കോട് ചക്കിട്ടപ്പാറ തെങ്ങുംപള്ളിൽ ആന്റണി തോമസിന്റെയും, ലീനയുടെയും മകനായ ബിലിൻ എം. എ. കോളേജിലെ രണ്ടാം വർഷ ബി. കോം വിദ്യാർഥിയാണ്. സംസ്ഥാന സിനിയർ അത്ലറ്റിക് മീറ്റിലെ ഏറ്റവും പഴക്കം ചെന്ന റെക്കോർഡ് തിരുത്തിക്കുറിച്ചാണ് ആനന്ദ് കൃഷ്ണ മീറ്റിലെ താരമായത്.14 മിനിറ്റ്,29.40 സെക്കന്റ് പൂർത്തിയാക്കിയാണ് ആനന്ദ് 5000 മീറ്ററിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ചത്. എം. എ. സോഷ്യളജി വിദ്യാർത്ഥിയായ ആനന്ദ് മലപ്പുറം മഞ്ചേരി സ്വദേശിയാണ്. മഞ്ചേരിയിൽ ഓട്ടോ ഡ്രൈവറായ രാധാകൃഷ്ണന്റെയും, സുനിതയുടെയും മകനാണ് ആനന്ദ്.ചങ്ങനാശ്ശേരി അസംഷൻ കോളേജിന്റെയും, പാലാ അൽഫോൻസാ കോളേജിന്റെയും പെൺകരുത്തിൽ വനിതാ വിഭാഗം ചാമ്പ്യൻഷിപ്പ് ദീർഘകാലം കരസ്ഥമാക്കിയിരുന്ന കോട്ടയത്തിന്റെ വെല്ലുവിളികളെ ഒറ്റയ്ക്കു നേരിട്ടാണ് ഇത്തവണ കോതമംഗലം എം. എ. സ്പോർട്സ് അക്കാദമിയുടെ പെൺ താരങ്ങൾ എറണാകുളത്തിന് വനിതാ കിരീടം നേടിക്കൊടുത്തത്. ചിട്ടയായ പരിശീലന മികവ് തന്നെയാണ് ഈ വിജയത്തിന് പിന്നിൽ.
മാർ അത്തനേഷ്യസ് അക്കാദമിയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കുന്ന നിരവധി ഘടകങ്ങൾ ഉണ്ട്. അതിൽ പ്രധാനം വിവിധ ഇനങ്ങളിലായി അഞ്ച് പരിശീലകരാണ് അവിടെ താരങ്ങൾക്ക് പരിശീലനം നൽകുന്നത് എന്നതാണ് . എല്ലാ പരിശീലകരും ദേശീയതലത്തിലും അന്തർദേശീയ തലത്തിലും മികവ് തെളിയിച്ച വ്യക്തികളാണ്. ത്രോയിനങ്ങളിൽ സംസ്ഥാന അത്ലറ്റിക് അസോസിയേഷൻ സെക്രട്ടറിയും പരിശീലകനുമായ പ്രൊഫ.പി.ഐ ബാബുവാണ് നേതൃത്വം നൽകുന്നത്. എന്നാൽ മധ്യദൂര ദീർഘദൂര ഇനങ്ങളിൽ മുൻ ദേശീയ ടീമിന്റെ പരിശീലകൻ ആയിരുന്ന ഡോ. ജോർജ് ഇമേനുവേൽ ആണ് പറ്റിശീലകൻ. കേരള സ്റ്റേറ്റ് സ്പോട്ട് കൗൺസിൽ പരിശീലകൻ സ്ഥാനത്തുനിന്നും വിരമിച്ച പി പി പോൾ ആണ് സ്പ്രിന്റ്, ഹർഡിൽ താരങ്ങളെ പരിശീലിപ്പിക്കുന്നത്.
മുൻ ദേശീയ ടീമിന്റെ പരിശീലകനും സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പരിശീലകനും ആയിരുന്ന എം എ ജോർജ് ജമ്പ് ഇനങ്ങളിലും, അഖിൽ കെ പി പോൾവാൾട്ട് പരിശീലകനായും പ്രവർത്തിക്കുന്നു. എം. എ കോളേജ് അസോസിയേഷന്റെ ദീർഘവീക്ഷണമാണ് ഈ കായിക അക്കാദമിയുടെ വിജയത്തിന് പിന്നിലെ ചാലകശക്തി. കേരളത്തിൽ തന്നെ വ്യത്യസ്തയിനങ്ങളിൽ പ്രവീണ്യം നേടിയ പരിശീലകരെ വച്ചു വളരെ പ്രൊഫഷണൽ ആയി നടത്തപ്പെടുന്ന ഏക സ്വകാര്യ അക്കാദമിയാണ് എം എ സ്പോർട്സ് അക്കാദമി. താരങ്ങളെയും, പരിശീലകരെയും എം. എ കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വറുഗീസ്,കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ , എം. എ. കോളേജ് കായിക വിഭാഗം മേധാവി ഹാരി ബെന്നി എന്നിവർ അഭിനന്ദിച്ചു.