കവളങ്ങാട്: ഭൂമിക്കടിയിൽ നിർമ്മിച്ച ഏറ്റവും ചെറിയ പള്ളിക്ക് അന്താരാഷ്ട്ര പുരസ്‌കാരം ലഭിച്ചു. കോതമംഗലം തലക്കോട് പാച്ചേറ്റി മജ്‌ലിസ് അൽ ഗൗസീ സിദ്ധീക്കിയാ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ എല്ലാ മത വിഭാഗത്തിൽ പെട്ടവർക്കും പ്രാർത്ഥിക്കാനായി നിർമിച്ച പള്ളിക്കാണ് അറേബ്യൻ വേൾഡ് റെക്കോർഡ്സിന്റെ ക്യാമൽ അവാർഡ്. കോഴിക്കോട് കരിപ്പൂർ എയർപോർട്ട് ഗാർഡൻ കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ സൊസൈറ്റിയുടെ പ്രസിഡന്റും സൂഫി ആത്മീയ ഗുരുവുമായ യൂനുസ് ഷാ കാദിരി ചിസ്തി (സിദ്ധീഖ് പീർ) യുഎഇ ഇസേഫ് സൊസൈറ്റി ചെയർമാൻ ഡോക്ടർ അബ്ദുല്ല മുഹമ്മദ് അൽ മിഹ് യാസിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി. ലോകത്തെ ഏറ്റവും ചെറിയ പള്ളി എന്ന പ്രത്യേകതയും ഈ പള്ളിക്കുണ്ട്. 80 സ്ക്വയർ ഫീറ്റ് മാത്രമാണ് പള്ളിയുടെ വലിപ്പം.
ജനുവരി 19 ഞായറാഴ്ച രാവിലെ പത്തിന് ജഷ്നേ ഗരീബ് നവാസ് മാനവ മൈത്രി സംഗമത്തിൽ വെച്ചാണ്
പള്ളിയുടെ ഉദ്ഘാടനം നടന്നത്. സോസൈറ്റി പ്രസിഡന്റ് യൂനുസ് ഷാ ഖാദിരി ചിസ്തിയുടെ നേതൃത്വത്തിൽ അവരുടെ നിർദ്ദേശത്താൽ 14 ഓളം വരുന്ന അനുയായികൾ 60 ദിവസം കൊണ്ട് നിർമ്മിച്ച 65 ഓളം മീറ്റർ സഞ്ചരിക്കാവുന്ന ഭൂമിക്കടിയിലാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്.
22 അടി ഭൂമിയിൽ നിന്നും ഉള്ളിൽ സ്ഥിതി ചെയ്യുന്ന ഈ പള്ളിയോടൊപ്പം എല്ലാ മത വിഭാഗങ്ങൾക്കും അവരവരുടെ ദൈവത്തെ ആരാധിക്കുവാനുള്ള ഒമ്പത് ധ്യാന പീഡങ്ങളും
രണ്ട് മുറികളും കൂടി ഉൾപ്പെട്ടതാണ് മസ്ജിദ് അൽ മുബശിരീൻ എന്ന് പേരുള്ള ഈ പള്ളി.
മതങ്ങൾ തമ്മിലുള്ള മതിൽ കെട്ടുകൾ ഇല്ലാതാക്കുക എന്നതും ഈ പള്ളിയുടെ ലക്ഷ്യമാണ്.
