കോതമംഗലം: പരിസ്ഥിതി ലോല പ്രദേശങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രം പ്രഖ്യാപിച്ച അഞ്ചാം കരട് വിജ്ഞാപന ഭൂപടത്തില്‍ കുട്ടമ്പുഴ പഞ്ചായത്തിലെ ഇഞ്ചത്തൊട്ടി വാര്‍ഡ് പൂര്‍ണമായി ഉള്‍പ്പെടുത്തിയതില്‍ പ്രദേശവാസികള്‍ ആശങ്കയില്‍. എറണാകുളം ജില്ലയില്‍ പശ്ചിമഘട്ടത്തില്‍ ഉള്‍പ്പെട്ടുപോയിട്ടുള്ള ഒരേയൊരു വില്ലേജാണ് കുട്ടന്പുഴ. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം അതിര്‍ത്തി നിര്‍ണയത്തിന്റെ ഭാഗമായി പഞ്ചായത്ത് തലത്തില്‍ കഴിഞ്ഞ മേയ് മാസം തയാറാക്കിക്കൊടുത്ത പ്രാദേശിക ഭൂപടങ്ങള്‍ അടങ്ങുന്ന നിര്‍ദേശങ്ങള്‍ (ഷേപ്പ് ഫയലുകള്‍) കേന്ദ്രം പൂര്‍ണമായി പരിഗണിക്കാതെയാണ് ഇപ്പോള്‍ കരട് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്. 2022ല്‍ സംസ്ഥാന കാലാവസ്ഥാ വ്യതിയാന വകുപ്പ് തയാറാക്കിയ ഭൂപടത്തില്‍ കുട്ടന്പുഴ വില്ലേജിലെ വടാട്ടുപാറ ഒന്നു മുതല്‍ അഞ്ചു വരെയുള്ള വാര്‍ഡുകളും, ആറാം വാര്‍ഡായ കല്ലേലിമേടും ഇഞ്ചത്തൊട്ടിയും ഉള്‍പ്പെട്ടുവന്നിരുന്നു. എന്നാല്‍ പുതിയ വിജ്ഞാപനത്തില്‍ ഇഞ്ചത്തൊട്ടി വാര്‍ഡ് പൂര്‍ണമായി ഉള്‍പ്പെടുത്തി മറ്റ് പ്രദേശങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്.
തട്ടേക്കാട് പക്ഷിസങ്കേതം നിലവില്‍ വന്നപ്പോള്‍ അതിര്‍ത്തിക്കുള്ളില്‍പ്പെടുത്തിയ ഒന്പത് ചതുരശ്ര കിലോമീറ്റര്‍ ഒഴിവാക്കിയെടുക്കാന്‍ 2020 മുതല്‍ കോതമംഗലം രൂപതയും, കിഫ അടക്കമുള്ള കര്‍ഷക സംഘടനകളും ശക്തമായി സമരമുഖത്തുണ്ടായിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ പക്ഷിസങ്കേതത്തിനകത്തുണ്ടായിരുന്ന ഒന്പത് ചതുരശ്ര കിലോമീറ്റര്‍ ജനവാസ മേഖല പൂര്‍ണമായി ഒഴിവാക്കുന്നതിനും ഒഴിവാക്കപ്പെടുന്ന പ്രദേശത്തിന് പകരമായി മൂന്നാര്‍ വനം ഡിവിഷനിലെ നേര്യമംഗലം റേഞ്ചില്‍പ്പെട്ട 10.1694 ചതുരശ്ര കിലോമീറ്റര്‍ സങ്കേതത്തോട് കൂട്ടിച്ചേര്‍ക്കാനും 2024 ജനുവരി 25ന് കേന്ദ്ര വനം -പരിസ്ഥിതി മന്ത്രാലയത്തിന് ശിപാര്‍ശയും നല്‍കിയിട്ടുണ്ട്. അങ്ങനെ കൂട്ടിച്ചേര്‍ക്കപ്പെടുന്ന പ്രദേശങ്ങളുടെകൂടെ ഇഞ്ചത്തൊട്ടി വാര്‍ഡ് തട്ടേക്കാട് പക്ഷിസങ്കേതത്തിന്റെ ഭാഗമായി മാറുമോ എന്ന ആശങ്ക നിലനില്‍ക്കുന്‌പോഴാണ് പുതിയ പശ്ചിമഘട്ട വിജ്ഞാപനത്തില്‍ ഇഞ്ചത്തൊട്ടി വാര്‍ഡ് പൂര്‍ണമായി ഉള്‍പ്പെടുത്തിയിട്ടുള്ളത്.
പഞ്ചായത്തിലെ ജനവാസ മേഖലയും, കൃഷിയിടങ്ങളും ഒഴിവാക്കിക്കൊണ്ട്, ജനകീയ പങ്കാളിത്തത്തോടെ മുന്‍പ് തയാറാക്കി കൊടുത്തിട്ടുള്ള ഭൂപടങ്ങള്‍ (കെഎംഎല്‍ ഫയല്‍, കീഹോള്‍ മാര്‍ക്കപ് ലാംഗ്വേജ്) കരട് വിജ്ഞാപനത്തിന്റെ ഭാഗമാക്കി പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികള്‍ കാലാവസ്ഥാ വ്യതിയാന വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയും മറ്റ് ജനപ്രതിനിധികളും അടിയന്തരമായി സ്വീകരിക്കണമെന്ന് കിഫ എറണാകുളം ജില്ലാ പ്രസിഡന്റ് സിജുമോന്‍ ഫ്രാന്‍സിസ് ആവശ്യപ്പെട്ടു. കൃഷിസ്ഥലങ്ങളും ജനവാസമേഖലയും പൂര്‍ണമായി പരിസ്ഥിതി ലോല പരിധിയില്‍ നിന്നും ഒഴിവാക്കുമെന്ന് സര്‍ക്കാര്‍ പലതവണ പറഞ്ഞിരുന്നെങ്കിലും വിജ്ഞാപനത്തില്‍ അതൊന്നും പ്രതിഫലിച്ചിട്ടില്ലെന്ന് പൂയംകുട്ടി സെന്റ് ജോര്‍ജ് പള്ളി വികാരി ഫാ. ജോസ് ചിരപ്പറന്പില്‍ പറഞ്ഞു. പശ്ചിമഘട്ട പ്രഖ്യാപനത്തില്‍ ഒരുജനവാസ മേഖലയും ഉള്‍പെടുത്താന്‍ അനുവദിക്കില്ലന്നും കരട് വിജ്ഞാപനപ്രകാരം സമയപരിധിക്കുകളില്‍ തന്നെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തില്‍ പരാതികള്‍ നല്‍കുന്നതിനായി പഞ്ചായത്തില്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ചേരുമെന്നും ഫാ. ജോസ് ചിരപ്പറന്പില്‍ അറിയിച്ചു.