കോതമംഗലം :ഇരമല്ലൂർ വില്ലേജിൽ 2010 – ൽ നിശ്ചയിച്ച ഫെയർ വാല്യൂവിന് പകരം പുതുക്കിയ ഫെയർ വാല്യൂ നിർണ്ണയിച്ചിട്ടുള്ളതായും, അടിയന്തര പ്രാധാന്യത്തോടെ എറണാകുളം ജില്ലാ കളക്ടര്‍ തുടർ നടപടി സ്വീകരിച്ചു വരുന്നതായും മന്ത്രി കെ രാജൻ നിയമസഭയിൽ അറിയിച്ചു. കോതമംഗലം മണ്ഡലത്തിലെ ഇരമല്ലൂർ വില്ലേജിൽ ഭൂമിയുടെ ഉയർന്ന ഫെയർ വാല്യൂ വിഷയത്തിൽ നാളിതുവരെ സ്വീകരിച്ച നടപടികളെ സംബന്ധിച്ചും തുടർ നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും ആന്റണി ജോൺ എം എൽ എ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.കോതമംഗലം താലൂക്കിലെ ഇരമല്ലൂര്‍ വില്ലേജിലെ ന്യായവില പുനര്‍നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലാ കളക്ടര്‍ നിരവധി തവണ യോഗങ്ങള്‍ നടത്തിയിട്ടുള്ളതും 21.06.2024-ലെ യോഗത്തില്‍ ഇരമല്ലൂര്‍ വില്ലേജിലെ ന്യായവില പുനര്‍നിര്‍ണ്ണയിക്കുന്നതിനായി നിശ്ചിത കാലപരിധിയ്ക്കുള്ളില്‍ ശുപാര്‍ശ സമര്‍പ്പിക്കുവാന്‍ യോഗത്തില്‍ തീരുമാനമാകുകയും ചെയ്തിരുന്നു.
തുടര്‍ന്ന് ഇരമല്ലൂര്‍ വില്ലേജിലെ എല്ലാ സര്‍വ്വെ നമ്പറുകളും ജീവനക്കാര്‍ പരിശോധിച്ച് ആയതിന് 2010 ല്‍ നിശ്ചയിച്ച ഫെയര്‍ വാല്യുവിന് പകരം പുതുക്കിയ ഫെയര്‍ വാല്യു നിര്‍ണ്ണയിച്ചിട്ടുള്ളതുമാണ്.
ഈ വില സമീപ വില്ലേജുകളിലെ വിലയുമായി യോജിച്ച് വരുന്നതാണ്. ഓരോ സര്‍വേ നമ്പറുകളില്‍ ഉള്‍പ്പെട്ടു വരുന്ന കാറ്റഗറികള്‍ക്കും വില കണക്കാക്കിയിട്ടുള്ളതും ആയത് കമ്പോള വിലക്ക് ആനുപാതികമായി നിശ്ചയിക്കാവുന്നതായി കണ്ടെത്തിയിട്ടുള്ളതുമാണ്. 14/08/2018-ലെ സ.ഉ.
(കൈ) നം.302/2018/റവ ഉത്തരവിലെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി അടിയന്തിര പ്രാധാന്യത്തോടെ ഈ വിഷയത്തില്‍ എറണാകുളം ജില്ലാ കളക്ടര്‍ നടപടി സ്വീകരിച്ചു വരുന്നതായി മന്ത്രി കെ രാജൻ ആന്റണി ജോൺ എം എൽ എ യുടെ നിയമസഭാ ചോദ്യത്തിന് മറുപടിയായി അറിയിച്ചു.
