കോതമംഗലം : ഇടുക്കി റോഡ് നിർമാണ പ്രവൃത്തിക്കായി നേര്യമംഗലത്തു പ്രവേശന കവാടം മുതൽ മണിയൻപാറ വരെ റോഡ് വീണ്ടും താൽക്കാലികമായി അടച്ചു. വാഹനങ്ങൾ നേര്യമംഗലം-ചെമ്പൻകുഴി റോഡ് വഴിയാണു ഇടുക്കി റോഡിൽ പ്രവേശിക്കുന്നത്. ഇടുക്കി റോഡിൽ നേര്യമംഗലം വാരിക്കാട്ട് ക്ഷേത്രത്തിനു സമീപം 2 മാസം മുൻപു മലവെള്ളപ്പാച്ചിലിൽ കലുങ്ക് തകർന്നിരുന്നു.
റോഡ് അടച്ച് കലുങ്ക് പുനർനിർമിച്ച് അടുത്തിടെ തുറന്നുനൽകിയെങ്കിലും കലുങ്കിനു മുകളിൽ വെള്ളം കെട്ടി റോഡിൽ കുഴി രൂപപ്പെട്ടതു വാഹനങ്ങളെ അപകടത്തിലാക്കി. ഇപ്പോൾ ഈ ഭാഗത്തു കട്ട വിരിക്കാനുള്ള പ്രവൃത്തികൾ തുടങ്ങിയതോടെയാണ് റോഡ് വീണ്ടും അടച്ചത്. കലുങ്കിന് അടിയിലൂടെ വെള്ളം സുഗമായി ഒഴുകാനുള്ള പ്രവൃത്തികളും നടക്കുന്നുണ്ട്. കലുങ്ക് നിർമിച്ച ഭാഗം ഉറയ്ക്കാനാണു കട്ടവിരിക്കൽ വൈകിയതെന്നാണു അധികൃതരുടെ വിശദീകരണം.
