ഇടുക്കി : ഇടുക്കി ജില്ലയിൽ തീവ്ര മഴയുള്ള സാഹചര്യത്തിൽ വിനോദസഞ്ചാരം നിരോധിച്ചു. കാലവർഷത്തോടനുബന്ധിച്ച് ഇടുക്കി ജില്ലയിൽ മൂന്നാർ ഉൾപ്പെടെയുള്ള മേഖലകളിൽ തുടർച്ചയായി ഉണ്ടാക്കുന്ന ഉരുൾ പൊട്ടലും മണ്ണിടിച്ചലും മൂലം മാർഗ്ഗ തടസ്സങ്ങളും വളരെയധികം നാശനഷ്ടങ്ങളും ഉണ്ടാക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. പ്രതികൂല കാലാവസ്ഥ സാഹചര്യത്തിലും ജില്ലയിലെ പ്രധാന വിനോദസഞ്ചാര മേഖലയായ മൂന്നാർ ഉൾപ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിരവധി ടൂറിസ്റ്റുകൾ എത്തിച്ചേരുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടന്ന് ഇടുക്കി ജില്ലാ കളക്ടർ ഷീബ ജോർജ് പറഞ്ഞു. ഇത് കൂടുതൽ അപകടങ്ങൾക്ക് കാരണമാകാൻ സാധ്യതയുള്ളതാണ്.
ഈ സാഹചര്യത്തിൽ ജില്ലയിലെ എല്ലാ വിധ വിനോദ സഞ്ചാരവും ഇനിയൊരുത്തരവുണ്ടാകുന്നതു വരെ
ദുരന്ത നിവാരണ നിയമം 2005 പ്രകാരം നിരോധിച്ചിട്ടുള്ളതാണന്ന് കളക്ടർ അറിയിച്ചു.പ്രസ്തുത നിരോധനങ്ങൾ ജില്ലാ അതിർത്തികളിലും,വിനോദ സഞ്ചാര കേന്ദ്രങ്ങളിലും കർശ്ശനമായി നടപ്പാക്കുന്നതിന് ജില്ലാ പോലീസ് മേധാവി, റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുള്ളതാണന്ന് ഇടുക്കി ജില്ലാ കളക്ടർ & ചെയർപേഴ്സൺ
ദുരന്ത നിവാരണ അതോറിറ്റി കൂട്ടിച്ചേർത്തു.