കോതമംഗലം: ഇടമലയാര്‍ ഡാമിനടുത്ത് വനത്തിനുള്ളിലെ വൈശാലി ഗുഹ എന്നറിയപ്പെടുന്ന തുരങ്കം ആദിവാസി യുവതിക്ക് പ്രസവമുറിയായി. പൊങ്ങന്‍ചുവട് ആദിവാസി കുടിയിലെ മാളു ആണ് ഓട്ടോറിക്ഷായാത്രക്കിടെ തുരങ്കത്തില്‍വച്ച് ആണ്‍കുഞ്ഞിനെ പ്രസവിച്ചത്. കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് ഭര്‍ത്താവ് സതീഷിനൊപ്പം പോകുന്നതിനിടയിൽ ആണ് മാളുവിന് പ്രസവവേദന അനുഭവപ്പെട്ടത്. ഒപ്പമുണ്ടായിരുന്നവര്‍ ആവശ്യമായ സൗകര്യമൊരുക്കി നല്‍കിയതിനൊപ്പം
ആരോഗ്യപ്രവര്‍ത്തകരേയും വിവരം അറിയിച്ചിരുന്നു. വൈകാതെ സുഖപ്രസവവും നടന്നു.
പത്ത് കിലോമീറ്റര്‍ അകലെ വടാട്ടുപാറയില്‍ വാക്‌സിനേഷന്‍ ജോലിയിലായിരുന്ന മെഡിക്കല്‍ സംഘം സ്ഥലത്ത് പാഞ്ഞെത്തി. ഡോ.ഗോപിനാഥും നേഴ്‌സുമാരുമടങ്ങുന്ന സംഘം ആവശ്യമായ പരിചരണം നല്‍കിയതിനാല്‍ അമ്മക്കും കുഞ്ഞിനും മറ്റ് പ്രശ്‌നങ്ങളുണ്ടായില്ല. ദുര്‍ഘടമായ വനപാതയിലൂടെ ഏറെ പാടുപെട്ടാണ് മെഡിക്കല്‍ സംഘവും ആംബുലന്‍സും എത്തിയത്. കുട്ടമ്പുഴ പഞ്ചായത്തിന്റെ ആംബുലന്‍സില്‍ മാളുവിനേയും കുഞ്ഞിനേയും കോതമoഗലം താലൂക്ക് ആശുപത്രിയിലെത്തിച്ചു.
കഴിഞ്ഞദിവസം മാളുവിനെ താലൂക്ക് ആശുപത്രിയില്‍ പരിശോധിച്ചിരുന്നു. പ്രസവമടുത്തതിനാല്‍ അഡ്മിറ്റാകണമെന്ന് നിര്‍ദേശിച്ചിരുന്നതായി പറയുന്നു. വ്യാഴാഴ്ച വീണ്ടുമെത്താമെന്ന് അറയിച്ച് ഇവര്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. മാളുവിന്റെ രണ്ടാമത്തെ പ്രസവമാണിത്. ആദ്യത്തെ പ്രസവത്തില്‍ ഇരട്ടപെണ്‍കുഞ്ഞുങ്ങളാണ്.
You must be logged in to post a comment Login