കോതമംഗലം : എല്ലാ മുൻകരുതലുകളും സ്വീകരിച്ചു കൊണ്ട് ഇടമലയാർ ഡാമിൻ്റെ ഷട്ടറുകൾ തുറന്നു. മൂന്ന് തവണ സൈറൺ മുഴക്കിയ ശേഷമാണ് ഡാമിൻ്റെ ഷട്ടറുകൾ 50 സെൻ്റിമീറ്റർ വീതം തുറന്നത്. പെരിയാറിൻ്റെ ഇരുകരകളിലുമുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഏകദേശം രണ്ട് മണിക്കൂർ സമയം കൊണ്ട് ഈ വെള്ളം കുട്ടമ്പുഴയിലെ ആനക്കയം, കൂട്ടിക്കൽ വഴി ഭൂതത്താൻകെട്ടിലെത്തും. ഭൂതത്താൻകെട്ട് ഡാമിൻ്റ മുഴുവൻഷട്ടറുകളും നേരത്തെ തന്നെ തുറന്നിട്ടിരിക്കുകയാണ്. 2018-ലാണ് ഇതിന് മുമ്പ് ഇടമലയാർ ഡാം തുറന്നത്. രാവിലെ 6 മണിയ്ക്കാണ് ഷട്ടറുകൾ ഉയർത്തിയത്. 6 മണിയ്ക്ക് 50 സെൻ്റീ മീറ്റർ വീതമാണ് രണ്ടു ഷട്ടറുകളും ഉയർത്തിയത്. തുടർന്ന് 8 മണിയോടു കൂടി 80 സെൻ്റീ മീറ്റർ ആയി ഷട്ടറിൻ്റെ ഉയരം ക്രമീകരിച്ചു.
സെക്കൻ്റിൽ 100 ഘനമീറ്റർ വെള്ളമാണ് ഡാമിൽ നിന്നും പുറത്തേക്ക് പോകുന്നത്.ആൻ്റണി ജോൺ MLA,ഇടമലയാർ ഡാം എക്സിക്യൂട്ടീവ് എഞ്ചിനീയർ ബിജു പി എൻ,അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഗീത മണി എ കെ,അസിസ്റ്റൻ്റ് എഞ്ചിനീയർ ഷാജി കെ പി,സബ് എഞ്ചിനീയർമാരായ വിനോദ് വി കെ,സലിം എം എന്നിവർ ഡാം തുറക്കുന്ന സമയത്ത് സന്നിഹിതരായിരുന്നു.