കോതമംഗലം: ഇടമലയാറിലെ ആദിവാസി ഭൂമി പ്രശ്നം സങ്കീർണമാകുന്നു. തൃശൂർ ജില്ലയിലെ മലക്കപ്പാറ അറാക്കാപ്പിൽ നിന്ന് പലായനം ചെയ്തെത്തിയ ആദിവാസി കുടുംബങ്ങളെ ട്രൈബൽ ഹോസ്റ്റലിൽ നിന്ന് ഒഴിപ്പിക്കാനുള്ള നീക്കം പാളി. കൂടുതൽ കുടുംബങ്ങൾ അറാക്കാപ്പിൽ നിന്ന് ഇങ്ങോട്ടേക്ക് എത്താനുള്ള നീക്കങ്ങളിലുമാണ്. കഴിഞ്ഞ ദിവസം കുടുംബം റോഡ് മാർഗം ട്രൈബൽ ഹോസ്റ്റലിലെത്തിയിട്ടുണ്ട്. അറാക്കാപ്പിൽ നിന്ന് 29 കിലോമീറ്റർ കൊടുവനത്തിലെ നദിയിലൂടെ 12 കുടുംബങ്ങളാണ് ആദ്യം ഇവിടെയെത്തിയത്. ഇനി ആറു കുടുംബങ്ങളിൽ നിന്നായി 25 മുതിർന്നവരും 11കുട്ടികളും തങ്ങളോടൊപ്പം ചേരുമെന്ന് ഊരുമൂപ്പൻ തങ്കപ്പൻ പറഞ്ഞു .
പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി താത്കാലികമായാണ് ജില്ലാ ഭരണകൂടം ഇവരെ ട്രൈബൽ ഹോസ്റ്റലിൽ പാർപ്പിച്ചത്. ഹോസ്റ്റൽ തുറന്നാലേ ഇടമലയാർ സ്കൂളും തുറക്കാനാകൂ. ഒക്ടോബർ 26നകം ഹോസ്റ്റൽ ഒഴിയാൻ ആദിവാസികൾക്ക് പട്ടികവർഗ വകുപ്പ് നോട്ടീസ് നൽകിയിരുന്നു. പിന്നീട് എന്തുവന്നാലും ഒഴിയില്ലെന്നാണ് ഇവരുടെ നിലപാട്. ബലം പ്രയോഗിച്ചും ഇവരെ ഇറക്കിവിടുമെന്ന നിലപാടിലാണ് ജില്ലാ ഭരണകൂടവും പട്ടികവർഗ വകുപ്പും. അങ്ങനെ ഉണ്ടായാൽ വലിയ വിവാദങ്ങളിലേക്ക് പ്രശ്നം മാറാനും സാദ്ധ്യതയുണ്ട്.
വിവിധ ഉൗരുകളിൽ നിന്നുള്ള ആദിവാസി കുട്ടികളാണ് ഇടമലയാർ സ്കൂളിൽ പഠിക്കുന്നത്. ഇവർക്ക് താമസിക്കാനുള്ളതാണ് ട്രൈബൽ ഹോസ്റ്റൽ. 12 കുടുംബങ്ങളിലായി 38 പേരടങ്ങുന്നതാണ് അറക്കാപ്പിൽ നിന്നുള്ള ആദിവാസി സംഘം. ഇതിൽ 12 പേർ കുട്ടികളാണ്. രണ്ട് വയസുള്ള ഒരു കുഞ്ഞൊഴികെ 11 പേർ വിദ്യാർത്ഥികളുമാണ്. ഇവരുടെയും പഠനം മുടങ്ങിയ അവസ്ഥയിലാണ്. സർക്കാർ പുനരധിവാസം നൽകാതെ ഹോസ്റ്റലിൽ നിന്നും ഇറങ്ങില്ല. കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്ര ആദിവാസി കോളനിയിൽ താമസ സൗകര്യങ്ങൾ ഒരുക്കിയാൽ അങ്ങോട്ട് മാറാൻ തയ്യാറാണ്. സ്ത്രീകളെയും കുട്ടികളെയും കൊണ്ട് പെരുവഴിയിലേക്ക് ഇറങ്ങില്ല. ഈ കുട്ടികളെയും പെണ്ണുങ്ങളെയും കൊണ്ട് ഞങ്ങൾ എങ്ങോട്ട് പോകാനാണ് എന്ന് ഊരു മൂപ്പൻ തങ്കപ്പൻ പഞ്ചൻ വെളിപ്പെടുത്തുന്നു.