- ജെറിൽ ജോസ് കോട്ടപ്പടി
കോതമംഗലം : ഇടമലയാർ ട്രൈബൽ ഹോസ്റ്റലിൽ താമസിക്കുന്ന അറാക്കാപ്പ് ആദിവാസി കോളനിക്കാർ മൂന്നു ദിവസത്തിനകം ട്രൈബൽ ഹോസ്റ്റൽ ഒഴിയണമെന്ന് കർശനനിർദേശം . മൂവാറ്റുപുഴ ആർ ഡി ഓയും, താഹസിൽദാറും പോലീസും ഇന്നലെ രാവിലെ മുതൽ ഇടമലയാർ ട്രൈബൽ ഹോസ്റ്റലിൽ താമസിക്കുന്ന ആദിവാസികളുമായി ചർച്ച നടത്തി വരുന്നു. ഹോസ്റ്റലിൽ താമസിക്കുന്ന കുട്ടികളുടെ പഠനം മുടങ്ങിയതിനാൽ സ്വന്തമായി ഒഴിഞ്ഞു പോകണമെന്നാണ് ആദിവാസികുടുംബങ്ങളെ അറിയിച്ചിട്ടുള്ളത്. ഇടമലയാർ സ്കൂളിനോട് ചേർന്നുള്ള ബിൽഡിംഗ് താൽക്കാലികമായി ആദിവാസികൾക്ക് താമസിക്കാൻ വിട്ടുനൽകാമെന്ന് അധികൃതർ ആദിവാസി കുടുംബങ്ങളെ അറിയിച്ചിട്ടുണ്ട്. ഇനി ഒരു വിട്ടുവീഴ്ചയില്ല നിർബന്ധമായും ഒഴിഞ്ഞു തന്നേ പറ്റൂ എന്നാണ് സർക്കാരിന്റെ നിലപാട്.
രണ്ട് ദിവസം മുമ്പാണ് ഊരുമൂപ്പനായ തങ്കപ്പൻ പഞ്ചനും സംഘവും ഡൽഹിയിലേക്ക് പോയത്. തങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ ഉന്നത അധികാരികളിൽ എത്തിക്കുന്നതിനു വേണ്ടിയാണ് ഡൽഹിയിലേക്ക് പോയത് എന്ന് മൂപ്പൻ പറഞ്ഞു. തങ്ങൾ എല്ലാവരും ഡൽഹിയിലേക്ക് പോയ തക്കം നോക്കി ആർ ഡി ഒയും സംഘവും തങ്ങളുടെ കുടുംബങ്ങളെ ഭീഷണിപ്പെടുത്തി ഒഴിപ്പിക്കാനാണു ശ്രമമെന്ന് മൂപ്പൻ ആരോപിച്ചു. തങ്ങൾ തിരിച്ചുവരുന്നതുവരെ സമയം തരണമെന്ന് ഫോൺ മുഖാന്തരം ആർ. ഡി. ഓയെ അറിയിച്ചിട്ടും ഒരു മറുപടിയും ലഭിച്ചില്ല എന്നു മൂപ്പൻ പറയുന്നു.
46 കുട്ടികളുടെ വിദ്യാഭ്യാസം മുടക്കി സമരം ചെയ്യുന്നത് ഒരു രീതിയിലും ഇനി അനുവദിക്കാനാവില്ല. അവരുടെ തന്നെ കുട്ടികളുടെ വിദ്യാഭ്യാസം ആണ് ഇവർ മുടക്കുന്നത്. മന്ത്രി നേരിട്ട് വന്നു ചർച്ച നടത്തിയിട്ട് പോലും ഇവരാരും ഇതുമൂലം ആയിട്ടുള്ള നിലപാടല്ല എടുത്തിരിക്കുന്നത്. പെരുവഴിയിലേക്കല്ലാ ഇറക്കി വിടുന്നത് സ്കൂൾ കെട്ടിടത്തോട് ചേർന്നുള്ള ബിൽഡിംഗ് അവർക്ക് നൽകാമെന്ന് ഉറപ്പു കൊടുത്തിട്ടാണ് ഒഴിയാൻ പറയുന്നത് എന്ന് മുവാറ്റുപുഴ ആർ. ഡി. ഓ വെളിപ്പെടുത്തുന്നു.
തങ്ങളുടെ മൂപ്പനും നേതാക്കളും സ്ഥലത്തില്ലാത്ത സമയം നോക്കിയാണ് ആർ. ഡി. ഓയും സംഘവും തങ്ങളെ ഭീഷണിപ്പെടുത്തുന്നത്. ഞങ്ങളുടെ മൂപ്പൻ തിരിച്ചു വരുന്നതുവരെ ഇവിടെ തുടരാൻ ഞങ്ങളെ അനുവദിക്കണം. എന്തായാലും സ്കൂൾ കെട്ടിടത്തിലേക്ക് ഞങ്ങൾ പോകുന്നില്ലന്ന് ഹോസ്റ്റലിൽ താമസിക്കുന്ന ആദിവാസിയായ റാണി പറയുന്നു.