
കുട്ടമ്പുഴ : കനത്ത മഴയിൽ കുട്ടമ്പുഴയിൽ വീടിന്റെ ഭിത്തി തകർന്ന് വീട് വാസയോഗ്യമല്ലാതായി. കുട്ടമ്പുഴ സത്രപ്പടി നാലു സെന്റ് കോളനിയിലെ പെരുമ്പിള്ളി കുമാരന്റെ വീടാണ് ശക്തമായ മഴയിൽ ഭിത്തി ഇടിഞ്ഞു പോയത്. ഓടു മേഞ്ഞിരിന്ന മേൽക്കൂരയുടെ മരങ്ങളുടെ കഴുക്കോലും ചിതലരിച്ചു ദ്രവിച്ചും തകർന്ന നിലയിലാണ്. നിർദ്ധന കുടുംബാംഗമായ കുമാരൻ ഈറ്റവെട്ടിയാണ് ഉപജീവനം കഴിഞ്ഞിരുന്നത്. എന്നാൽ കൊറോണ മൂലം ലോക്ക് ഡൌൺ ആയതിനാൽ ഇപ്പോൾ അതും സാധ്യമല്ലയെന്ന് ഇദ്ദേഹം പറയുന്നു.

നിത്യവൃത്തിക്ക് ബുദ്ധിമുട്ടുന്ന ഈ കുടുംബത്തെ പുനരധിവസിപ്പിക്കുവാൻ, വീട് വാസയോഗ്യമാക്കുന്നതിനുള്ള നടപടികൾ വേണ്ടപ്പെട്ട അധികാരികൾ കൈകൊള്ളണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതിനു പുറമെ 4 സെന്റ് കോളനിയിലെ തന്നെ ജോജോയുടെ മുറ്റത്തിന്റെ സംരക്ഷണ ഭിത്തിയും ഭാഗികമായി കനത്ത മഴയിൽ ഇടിഞ്ഞിട്ടുണ്ട്.



























































