- സലാം കാവാട്ട്
നേര്യമംഗലം : കർക്കടക കാലവർഷം ശക്തിപ്രാപിക്കുമെന്ന കാലാവസ്ഥാപ്രവചനം ശരിവച്ച് ഹൈറേഞ്ച് മേഖലയിൽ പ്രകൃതിക്ഷോഭത്തിൻ്റെ വിളംബരമായി വൻകാറ്റും മഴയും. പുലർച്ചെയുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ അടിമാലിയ്ക്കും നേര്യമംഗലത്തിനും ഇടയിലുള്ള മൂന്നുകലുങ്ക്, ആറാംമൈൽ ഭാഗങ്ങളിൽ മരങ്ങൾ കടപുഴകി വീണു. പുലർച്ചെ 5 മണിയോടെ ആഞ്ഞുവീശിയ കാറ്റിലാണ് മരങ്ങൾ റോഡിന് കുറുകെവീണത്. ദേശീയപാത ബ്ലോക്കായതിനെതുടർന്ന് കോതമംഗലം ഫയർ ആൻ്റ് റെസ്ക്യൂ കേന്ദ്രത്തിൽനിന്നും സേനാംഗങ്ങളെത്തി മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതതടസ്സം നീക്കുകയായിരുന്നു. ഇതേസമയംതന്നെ കാറ്റിലും മഴയിലും നേര്യമംഗലം-ഇടുക്കി റോഡിലും മരങ്ങൾ വീണിരുന്നു. കരിമണൽ ലോവർപെരിയാർ മേഖലയിലായിരുന്നു മരങ്ങൾ വീണത്. കരിമണലിലെ റോഡ് തടസ്സങ്ങൾ അടിമാലിയിൽ നിന്നും ഫയർ ആൻ്റ് റെസ്ക്യൂ സംഘമെത്തിയാണ് നീക്കം ചെയ്തത്.
കാറ്റും മഴയും കനത്തതോടെ മലയോര മേഖലയിലെ ജനങ്ങൾ ഉരുൾപൊട്ടൽഭീതിയിലാണ്. 2018 ലും 2019 ലും ഉണ്ടായ മഴക്കെടുതിയിൽ ഉണ്ടായ ദുരന്തങ്ങളുടെ മുറിപ്പാടുകൾ ഉണങ്ങിവരുംമുമ്പ് പ്രകൃതിക്ഷോഭസൂചനയായി ഇന്നു പുലർച്ചെ വലിയകാറ്റും കനത്തമഴയും നാശം വിതച്ചത് ഹൈറേഞ്ചുകാരുടെ നെഞ്ചിടിപ്പ്കൂട്ടുകയാണ്. അതേസമയം ജനങ്ങളുടെ ആശങ്കയും അരക്ഷിതാവസ്ഥയും പരിഹരിക്കാൻ റവന്യൂ-ഫയർഫോഴ്സ് – പോലീസ് വകുപ്പുകളുടെ ഏകോപനത്തിൽ കൺട്രോൾ റൂമുകളടക്കം ഒരുക്കി സർക്കാർ സംവിധാനം പ്രവർത്തനസജ്ജമായിട്ടുണ്ട്. എറണാകുളം-ഇടുക്കി ജില്ലാ ഭരണകൂടങ്ങളുടെ മേൽനോട്ടത്തിൽ ദുരന്തനിവാരണ അതോറിറ്റി നേതൃത്വം നൽകുന്ന ആക്ഷൻ പ്ലാനിൽ വിവിധ താലുക്ക് ഓഫീസുകൾവഴിയും ഗ്രാമ പഞ്ചായത്ത് കാര്യാലയങ്ങൾ വഴിയും പ്രകൃതിക്ഷോഭ സർവ്വ സന്നാഹങ്ങളോടെ നേരിടാനാണ് ഒരുക്കങ്ങൾ നടത്തിയിരിക്കുന്നത്.